തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇരുരാജ്യങ്ങളിലുമായി മുന്നൂറിലധികം പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചതായാണ് വിവരം.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു. നിരവധിപേര്‍ ഇതിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.
തുര്‍ക്കിയിലെ മലത്യ നഗറില്‍ 23പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. 420പേര്‍ക്ക് പരിക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും ഗവര്‍ണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉര്‍ഫയില്‍ 17പേരും ഉസ്മാനിയയില്‍ ഏഴുപേരും ദിയര്‍ബാകിറില്‍ ആറുപേരുമാണ് മരിച്ചത്. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം.സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 200പേര്‍ക്ക് പരിക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.
പ്രാദേശിക സമയം പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാസംഘങ്ങളെ അയച്ചുവെന്നും രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടുമെന്നും തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ട്വിറ്ററില്‍ അറിയിച്ചു. ആദ്യ ചലനത്തിന് പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.