തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. മരണ സംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 18,000ഓളം പേര്‍ക്ക് ഭൂചനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സിറിയയില്‍ മാത്രം ആയിരത്തോളം പേരാണ് ഭൂചനത്തില്‍ കൊല്ലപ്പെട്ടത്.
തുര്‍ക്കിയില്‍ 2,379 മരിക്കുകയും 14,483 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയില്‍ 1,444 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ എന്‍ഡിആര്‍എഫ് സംഘത്തെ തുര്‍ക്കിയിലേക്കയച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 100 പേര്‍ വീതമുള്ള രണ്ട് സംഘങ്ങളെയാണ് ഇന്ത്യ അയയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര ഡല്‍ഹിയില്‍ വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും ഉണ്ടാകും. ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ വിദഗ്ദ്ധര്‍, അവശ്യ മരുന്നുകള്‍ എന്നിവയും ഇന്ത്യ അയ്ക്കുന്നുണ്ട്. ഭൂകമ്പത്തെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.
7.8 ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന് പിന്നാലെ തുര്‍ക്കിയില്‍ തുടരെ ഭൂചനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 50 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.
ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.
കഹ്‌റമന്‍മാരാസ് പ്രവിശ്യയിലെ പസാര്‍ജിക് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞു. വടക്ക് - പടിഞ്ഞാറന്‍ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണിവിടം. ഭൗമോപരിതലത്തില്‍ നിന്ന് 17.9 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഉറവിടം. കഹ്‌റമന്‍മാരാസിലെ എല്‍ബിസ്റ്റന്‍ ജില്ലയാണ് രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാദ്ധ്യതയുള്ള മേഖലകളിലൊന്നാണ് തുര്‍ക്കി. 1999ല്‍ 17,000ലേറെ പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വിനാശകരമായ ഭൂചലനം തുര്‍ക്കിയിലുണ്ടാകുന്നത്.ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ ഗ്രീന്‍ലന്‍ഡിലും പ്രകമ്പനം രേഖപ്പെടുത്തി.ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു.