തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും കൊടുംനാശം വിതച്ച ഭൂകന്പത്തില്‍ മരണം 7,700 കടന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് (എപി) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 20,000 കടക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. 25,000 പേര്‍ക്കു പരിക്കേറ്റു. തുര്‍ക്കിയുടെ തെക്കന്‍ ഭാഗങ്ങളിലും സിറിയയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് ഭൂകമ്പമുണ്ടായത്. തെക്കന്‍ തുര്‍ക്കിയില്‍ ഭൂകമ്പങ്ങള്‍ തകര്‍ത്ത പത്ത് പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് പ്രസിഡന്റ് തയിപ് എര്‍ദോഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത തണുപ്പ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
അതിനിടെ തുര്‍ക്കിയിലേക്ക് ബ്രിട്ടന്‍ 76 പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘത്തെ അയച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായ ഉപകരണങ്ങള്‍ , പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കള്‍ എന്നിവയും യുകെയുടെ രക്ഷാദൗത്യ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ടര്‍ക്കിഷ് അസോസിയേഷനുകളുടെയും യുകെയിലുടനീളമുള്ള സ്ഥലങ്ങളില്‍ തുര്‍ക്കിയിലെ ജനതയെ സഹായിക്കുന്നതിനായുള്ള വിവിധ രീതിയിലുള്ള സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. ദുരന്തത്തില്‍ ഇതുവരെ ബ്രിട്ടീഷ് വംശജര്‍ ആരും മരിച്ചതായി അറിവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.
തകര്‍ന്നടിഞ്ഞ ആയിരക്കണക്കിനു കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. തുര്‍ക്കിയിലും സിറിയയിലുമായി പത്തുലക്ഷം കുട്ടികളടക്കം 2.3 കോടി ജനങ്ങളാണ് ഭൂകന്പത്തിന്റെ കെടുതികള്‍ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇരുപത്തയ്യായിരത്തോളം രക്ഷാപ്രവര്‍ത്തകരാണ് ഭൂകന്പം നാശം വിതച്ച മേഖലകളില്‍ ജീവന്റെ തുടിപ്പുകള്‍ തേടുന്നത്.
കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും തുടര്‍ഭൂചലനങ്ങളും രക്ഷാദൗത്യം ഏറെ ദുഷ്‌കരമാക്കിയിരിക്കുകയാണ്. വന്‍ ഭൂകന്പത്തെത്തുടര്‍ന്ന് ഇരുനൂറോളം തുടര്‍ചലനങ്ങളാണുണ്ടായത്. തുര്‍ക്കിയില്‍ മാത്രം 6000 കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ തുര്‍ക്കി നഗരമായ ഗാസിയാന്‍ടെപ്പില്‍ ഷോപ്പിംഗ് മാളുകള്‍, സ്റ്റേഡിയങ്ങള്‍, മോസ്‌കുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ ദുരന്തത്തിനിരയായവര്‍ അഭയം തേടിയിരിക്കുകയാണ്. സിറിയന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു തുര്‍ക്കി സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വീടു നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ടെന്റുകളും താത്കാലിക ആശുപത്രികളും സൈന്യം ഒരുക്കി.
അതേസമയം, തുര്‍ക്കിയില്‍ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തനം തുടങ്ങി.വ്യോമസേനയുടെ സി -17 ഗ്‌ളോബ്മാസ്റ്റര്‍ ഹെര്‍ക്കുലീസ് വിമാനത്തിലാണ് വനിതകള്‍ ഉള്‍പ്പെടെ101അംഗങ്ങളുള്ള രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റുകള്‍ ഇന്നലെ തുര്‍ക്കിയിലെത്തിയത്. കമാന്‍ഡിംഗ് ഓഫീസര്‍ ഗുര്‍മിന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഗാസിയാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പോയത്.അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കഴിവുള്ള നായകള്‍, ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങള്‍, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍, രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയും കൊണ്ടുപോയി.
തുര്‍ക്കി അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തും.കരസേനയുടെ മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. 30 കിടക്കകള്‍, എക്സ്റേ, വെന്റിലേറ്റര്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, കാര്‍ഡിയാക് മോണിറ്ററുകള്‍ തുടങ്ങി ആശുപത്രി തയ്യാക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് രക്ഷാ സേനയെ അയയ്ക്കാന്‍ തീരുമാനമായത്.