ബ്രിട്ടനിലെ വാര്‍ഷിക വാട്ടര്‍ ബില്ലുകള്‍ രണ്ടു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോളുള്ളത്. 7.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വാട്ടര്‍ ബില്ലുകളില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ പണം ലാഭിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് അത് എങ്ങനെ സാധ്യമാകും എന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മണി സേവിംഗ് വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസ്. ഏപ്രില്‍ മുതല്‍ ബില്ലുകളില്‍ 7.5 ശതമാനം വര്‍ദ്ധനവാണ് വാട്ടര്‍ യുകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിനം ശരാശരി 1.23 പൗണ്ട് വര്‍ദ്ധനവാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരിക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 31 പൗണ്ടാണ് അധിക ചെലവ് നേരിടുക.
ഇംഗ്ലണ്ടിലും, വെയില്‍സിലും താമസിക്കുന്നവര്‍ ഫ്രീ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി. ഈ ഉപകരണം സ്ഥാപിച്ചാല്‍ ഫിക്സഡ് റേറ്റിന് പകരം ഉപയോഗിക്കുന്ന ജലത്തിന്റെ അനുപാതത്തിലാണ് പണം നല്‍കേണ്ടി വരിക. ഫിക്സഡ് റേറ്റ് വീടുകളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. വാട്ടര്‍ മീറ്റര്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ദിവസേന ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് കുറച്ച് കൂടുതല്‍ ലാഭം നേടാനും സാധ്യതയുണ്ട്. വികലാംഗത്വം ബാധിച്ചവരും, ബെനഫിറ്റുകള്‍ നേടുന്നവരും തങ്ങളുടെ ജല വിതരണ കമ്പനിയുമായി സംസാരിച്ച് കൂടുതല്‍ ചെലവ് കുറഞ്ഞ താരിഫ് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എല്ലാത്തിനും ഉപരിയായി ലക്ഷക്കണക്കിന് സൗജന്യ വാട്ടര്‍ സേവിംഗ് ഗാഡ്ജറ്റുകള്‍ ഉണ്ടെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി. അത് ചിലര്‍ക്ക് ലഭ്യമാകും മറ്റ് ചിലര്‍ക്ക് ലഭ്യമാകില്ല.