ലോകം മുഴുവനും നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണവും വരുമാനവും ഇല്ലാതെ കഴിഞ്ഞ പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് സഹായവുമായി എത്തിയ വ്യക്തികളും സംഘടനകളും നിരവധിയാണ്. എന്നാല്‍ അത്തരത്തില്‍ സഹായിച്ച ഒരാളോട് വലിയ നന്ദികേടാണ് അധികൃതര്‍ കാണിക്കുന്നത്. തെക്കന്‍ ലണ്ടനിലെ റോതഹൈദില്‍ താമസിക്കുന്ന വിമല്‍ പാണ്ഡ്യ എന്ന ഇന്ത്യന്‍ വംശജനോട് ആണ് ബ്രിട്ടന്‍ ഈ നന്ദികേട് കാണിക്കുന്നത്.
2011-ല്‍ ആയിരുന്നു വിമല്‍ ഇന്ത്യയില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ യു കെയില്‍ എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, വിമല്‍ പഠിച്ചിരുന്ന കോളേജിന് വിദേശ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവകാശം റദ്ദാക്കിയതോടെ വിമലിന്റെ ഭാവി അനിശ്ചിതത്തത്തില്‍ ആയി. വിമല്‍ അന്നു മുതല്‍ തുടങ്ങിയതാണ് യു കെയില്‍ നില്‍ക്കുന്നതിനുള്ള നിയമ യുദ്ധം. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി തുടരുന്ന നിയമ യുദ്ധത്തിനായി ആയിരക്കണക്കിന് പൗണ്ടും ഈ 42 കാരന് ചെലവഴിക്കേണ്ടതായി വന്നു. ഇപ്പോള്‍ ഒരു കടയുടമസ്ഥന്‍ കൂടിയായ വിമല്‍ പാണ്ഡ്യ, നാടുകടത്തല്‍ ഭീഷണി നിലനില്‍ക്കുമ്പോഴും തന്റെ ചുറ്റുമുള്ള നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും വേണ്ടി നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് കാലത്തെ നിസ്വാര്‍ത്ഥമായ സേവനങ്ങളുടെ പേരില്‍ എലിസബത്ത് രാജ്ഞിയുടെ പ്രത്യെക പ്രതിനിധി ഗ്രെയ്റ്റര്‍ ലണ്ടനില്‍ വിമലിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. രാജ്ഞിയ്ക്ക് വേണ്ടി വിമലിന്റെ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രാജ്ഞിയുടെ പ്രത്യേക പ്രതിനിധി വിമലിന് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതനാവുകയാണ് വിമല്‍.
ഏതായാലും, വിമലിനെ നാടുകടത്താനുള്ള ഹോം ഓഫീസിന്റെ തീരുമാനം, പ്രാദേശിക തലത്തിലും രാജ്യവ്യാപകമായി തന്നെയും കടുത്ത പ്രതിഷേധത്തിന് വഴി തെളിയിച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് വിമല്‍ പാണ്ഡ്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരത്തില്‍ ഇറങ്ങിയത്. അദ്ദേഹത്തിനെ നാടുകടത്തുന്നത് ഒഴിവാക്കണം എന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 1,75,000 ല്‍ അധികം ഒപ്പുകള്‍ ലഭിച്ചു കഴിഞ്ഞു.