വാഹനമോടിക്കുന്നതിനിടെ മോബൈല്‍ ഫോന്‍ ഉപയോഗിച്ച സുരക്ഷാ മന്ത്രി ടോം ടുഗെന്‍ഡട്ടിനെ ആറുമാസത്തേക്ക് വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കിയത് കഴിഞ്ഞ നവംബറിലായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് കഴിഞ്ഞമാസം 100 പൗണ്ട് ആയിരുന്നു ഋഷി സുനക് പിഴയൊടുക്കിയത്. ഇതിന് പിന്നാലെ ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും, നിലവില്‍ മന്ത്രിയുമായ പെന്നി മോര്‍ഡന്റാണ്.
തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ പറ്റ്‌നിയില്‍ 40 മൈല്‍ വേഗതയുടെ പരിധി ലംഘിച്ച കുറ്റത്തിനാണ് ഇവരെ ശിക്ഷിച്ചത്. കഴിഞ്ഞ ജൂലായില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞയാഴ്ച്ചയായിരുന്നു ലവന്‍ഡര്‍ ഹില്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചത്. 568 പൗണ്ട് പിഴയ്‌ക്കൊപ്പം അവരുടെ ലൈസന്‍സില്‍ 3 പെനാല്‍റ്റി പോയിന്റുകളും ലഭിക്കും. പിഴ തുകക്ക് പുറമെ 90 പൗണ്ട് കോടതി ചെലവായും 227 പൗണ്ട് വിക്ടിം സര്‍ച്ചാര്‍ജ്ജായും നല്‍കണം. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ജൂലായ് 4 ന് പറ്റ്‌നിയിലെ ടിബറ്റ്‌സ് കോര്‍ണറിനടുത്ത് എ 3 യില്‍ മൗര്‍ഡണ്ട് മണിക്കൂറില്‍ 49 മൈല്‍ വേഗതയില്‍ കാറോടിച്ചതായി സമ്മതിക്കുകയായിരുന്നു.