2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആരോപണം ഉന്നയിക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ട
ബിബിസി ചാനല്‍ രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു കാര്യവുമില്ലാത്ത ഹര്‍ജിയാണിതെന്നും വെറുതേ കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്നയും ജസ്റ്റീസ് എം.എം.സുന്ദരേശും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
ബ്രിട്ടീഷ് ചാനലായ ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ പിങ്കി ആനന്ദ് ആവശ്യപ്പെട്ടു. സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.
ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും ആഗോള ഉയര്‍ച്ചയ്ക്കെതിരേയുള്ള ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഡോക്യുമെന്ററിയെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ മോദിയുടെ പ്രതിച്ഛായ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യ ഘടന തകര്‍ക്കാനുള്ള ഹിന്ദുത്വ വിരുദ്ധ പ്രചാരണവും ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.