സറേയിലെ ആഷ്‌ഫോര്‍ഡില്‍ കറുത്ത വര്‍ഗ്ഗക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ സ്‌കൂളിന് മുന്നില്‍ വെച്ച് നടന്ന വംശീയമായ അക്രമണത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച 15 വയസ്സുള്ള കറുത്തവര്‍ഗ്ഗക്കാരിയായ വിദ്യാര്‍ത്ഥിനിയെ തോമസ് നിവെറ്റ്കോളേജിന് മുന്‍പില്‍ വെച്ച് ഒരുപറ്റം ആളുകള്‍ ക്രൂരമായി മര്‍ദ്ധിക്കുന്നതും ചവിട്ടുന്നതും തലമുടി പിടിച്ച് വലിക്കുന്നതും ഒക്കെയാണ് ദൃശ്യത്തില്‍ ഉള്ളത്. ചുറ്റും കൂടിനിന്നവര്‍ മുഖത്തിട്ട് ഇടിക്കാന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തികച്ചും അസ്വസ്ഥാജനകമാണ് ഈ സംഭവം എന്ന് പറഞ്ഞ ചീഫ് ഇന്‍സ്‌പെക്ടര്‍ ഡള്ളസ് മെക് ഡെര്‍മോട്ട് പൊതുജനങ്ങളുടെ പ്രതികരണം നിരാശപ്പെടുത്തുന്നു എന്നും പറഞ്ഞു.
അക്രമണത്തില്‍ നീതി ഉറപ്പാക്കണമെന്ന് ഹോം സെക്രട്ടറിയോട് വിവിധ പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു. വിവിധ പാര്‍ട്ടികളില്‍ പെട്ട 30 എംപിമാര്‍ ഒപ്പിട്ട കത്ത് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന് അയച്ചു.
അക്രമത്തെ കുറിച്ച് 50-ലേറെ ഓഫീസര്‍മാരാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ അവഗണിച്ചതിനും, മനഃപ്പൂര്‍വ്വം അക്രമം പ്രോത്സാഹിപ്പിച്ചതിനും 39 വയസ്സുള്ള സ്ത്രീയും, 43-കാരനും പോലീസ് പിടിയിലായിരുന്നു. ഈ സ്ത്രീക്ക് പുറമെ 16, 11 വയസ്സുള്ള പെണ്‍കുട്ടികളാണ് വംശീയ അക്രമത്തില്‍ അറസ്റ്റിലായിട്ടുള്ളത്. 16 വയസ്സുകാരിയാണ് തെറ്റായ പ്രചരണങ്ങള്‍ നടത്തിയതെന്നും പോലീസ് പറയുന്നു.
അതിക്രൂരമായ അക്രമങ്ങളുടെ വീഡിയോ പ്രചരിച്ചതോടെ പൊതുജനങ്ങളില്‍ നിന്നും വമ്പിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. സ്‌കൂളിന് പുറത്തും പ്രതിഷേധക്കാര്‍ എത്തി. വീഡിയോയില്‍ കാണുന്ന സ്‌കൂള്‍ ജീവനക്കാരെ പുറത്താക്കണമെന്ന് ബ്രിട്ടീഷ് റാപ്പര്‍ ഡേവ് ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും കര്‍ശനമായ ജാമ്യ വ്യവസ്ഥകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. കേവലം ഈ വീഡിയോയെ ആശ്രയിച്ച് കേസുമായി മുന്‍പോട്ട് പോകാനാവില്ലെന്നും, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂളിലെ അദ്ധ്യാപകര്‍ക്കെതിരെ പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അക്കാര്യം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുണ്ട് എന്നും പോലീസ് പറഞ്ഞു.
ക്രൂരതയുടെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി സ്‌കൂളിനു മുന്‍പിലെത്തി. പാരാമിലിറ്ററി യൂണിഫോം ധരിച്ചെത്തിയ സംഘടന അംഗങ്ങള്‍ സ്‌കൂളിന് മുപിലും സംഭവത്തിന് ഉത്തരവാദികള്‍ എന്ന് സംശയിക്കപ്പെടുന്നവരുടെ വീടിന് മുന്‍പിലും പ്രതിഷേധ പ്രകടനം നടത്തി.