യുഎസിലെ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടി വരുമെന്നു ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. തന്വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. ജനുവരി 17 മുതലാണ് തന്വിയെ കാണാതായത്.
വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുകയായിരുന്നു തന്‍വിയുടെ കുടുംബം. എന്നാല്‍ ഇതുവരെയായി അവര്‍ക്ക് പൗരത്വം ലഭിച്ചിട്ടില്ല. തന്‍വിയുടെ അമ്മയ്ക്ക് അടുത്തിടെ ജോലി നഷ്ടമാവുകയും നാട്ടിലേക്ക് മടങ്ങേണ്ടതായി വരുകയും ചെയ്തു. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമോ എന്ന ഭയം തന്വി പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷ തന്‍വിയുടെ കുടുംബത്തിന് ഉണ്ടായിരുന്നു. ടെക് മേഖലയിലെ ജോലി നഷ്ടമായേക്കുമെന്ന ആശങ്ക തന്‍വിയുടെ പിതാവായ പവന് റോയ് മരുപ്പളി കുടുംബത്തോട് പറഞ്ഞിരുന്നു.
തന്‍വിയുടെ അമ്മ ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷം വിസാ നടപടികള്‍ ഇഴഞ്ഞ് നീങ്ങിയ ശേഷമാണ് ശ്രീദേവിക്ക് ആശ്രിത വിസയില്‍ തിരികെ അമേരിക്കയില്‍ എത്താന്‍ സാധിച്ചത്. പിതാവിന്റെ ജോലി നഷ്ടമായാല്‍ എന്തു ചെയ്യുമെന്ന് തന്വി ചോദിച്ചിരുന്നു. ജോലി നഷ്ടമാവുകയാണെങ്കില്‍ തിരികെ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് പിതാവ് തന്‍വിയോട് പറഞ്ഞിരുന്നു. ഈ മറുപടിയില്‍ കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. 5000 അമേരിക്കന്‍ ഡോളര്‍ തന്വിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലമായി നല്‍കാമെന്ന് തന്‍വിയുടെ കുടുംബം പ്രഖ്യാപിച്ചു.