സ്റ്റുഡന്റ് ഡിപെന്‍ഡന്റ് വിസ നിയന്ത്രിക്കുന്നതിനു പുറമെ പോസ്റ്റ് സ്റ്റഡി വിസയും നിയന്ത്രിക്കുന്നത്് അടക്കം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ കടുപ്പമുള്ള പദ്ധതികളുമായി ഇറങ്ങി തിരിച്ച ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രെവര്‍മാന്റെ നീക്കം യുകെയിലേക്ക് വരുവാന്‍ സ്വപ്നം കണ്ടുതുടങ്ങിയ ആയിരക്കണക്കിന് വിദേശ വിദ്യാര്‍ഥികളുടെ ഉറക്കം കെടുത്തുന്നതാണ്.
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ കാലത്തെ സ്റ്റുഡന്റ് വിസ നയം അനുസരിച്ച് പഠനത്തിനെത്തുന്ന പിജി വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ടു വര്‍ഷം കൂടി യു കെയില്‍ തുടര്‍ന്ന് ജോലിചെയ്യാന്‍ കഴിയുമായിരുന്നു. പി എച്ച് ഡി കഴിഞ്ഞവര്‍ക്കാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തുടരാന്‍ കഴിയുമായിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള പല വിദേശ രാജ്യങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായിരുന്നു ഈ നയം.
എന്നാല്‍ രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ എന്ന ആനുകൂല്യം ആറുമാസത്തേക്ക് വെട്ടിച്ചുരുക്കുക എന്നതാണ് സുവല്ലയുടെ പ്ലാന്‍. ഇപ്പോള്‍ കുടുംബവും കുട്ടികളുമായി സ്റ്റുഡന്റ് വിസക്കാര്‍ കുടിയേറ്റത്തിനുള്ള കുറുക്കു വഴിയായി സ്റ്റുഡന്റ് വിസയെ കാണാന്‍ പ്രധാന കാരണം ഈ രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ ആണെന്നാണ് ഹോം ഓഫിസ് കണ്ടെത്തിയിരിക്കുന്നത്.
അടുത്ത കാലത്തു നിയമ ലംഘനത്തിന് പിടിയിലായ സ്റ്റുഡന്റ് വിസക്കാരെ ചോദ്യം ചെയ്ത ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ഉള്ള സൂചനകള്‍ ലഭിച്ചതാണ് ബ്രിട്ടനില്‍ നിന്നും ലഭിച്ച ആനുകൂല്യം പാരയായി മാറുന്ന വിധത്തിലേക്ക് രൂപപ്പെടാന്‍ കാരണമായത്. ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവും ഇല്ലാത്ത ബിസിനസ് കോഴ്‌സുകള്‍ പഠിക്കാന്‍ വന്നവര്‍ പോലും കെയര്‍ ഹോം വിസയ്ക്ക് കൂട്ടമായി അപേക്ഷിച്ചു തുടങ്ങിയതോടെയാണ് ഹോം ഓഫിസ് നടപടി ആരംഭിച്ചത്. എന്നാല്‍ ഹോം ഓഫിസ് കൊണ്ടുവരുന്ന ഏതു പ്ലാനും താന്‍ എതിര്‍ക്കും എന്ന കടുപ്പത്തില്‍ തന്നെയാണ് ഇന്നലെ വിദ്യാഭ്യാസ സെക്രട്ടറി ജില്ലിയന്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ ബ്രാന്‍ഡ് വാല്യൂ കയറ്റുമതി ചെയ്യുക, അതുവഴി വിദ്യാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുക എന്നതാണ് തന്റെ പ്ലാന്‍ എന്നും ജില്ലിയന്‍ വിശദീകരിക്കുന്നു. അതിനവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും ഈ റൂട്ട് ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ആ വഴി അടച്ചു കളയുകയല്ല, നിയമ ലംഘകരെ കണ്ടെത്തുക എന്നതാണ് പരിഹാരം എന്നും ജില്ലിയന്‍ ഓര്‍മ്മിപ്പിക്കുന്നു.
ഈ വര്‍ഷം യു കെയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യാക്കാരാന് എണ്ണത്തില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷം മൊത്തം 4,86,000 സ്റ്റുഡന്റ് വിസകളായിരുന്നു നല്‍കിയത്.