പുറത്ത് കടുത്ത മഞ്ഞ് വീഴ്ചയും അകത്ത് വളരെ സങ്കീര്‍ണ്ണമായ പ്രസവവേദനയും അനുഭവപ്പെട്ട യുവതിക്ക് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ സുഖപ്രസവം. ശ്രീനഗറില്‍ കേരനില്‍ ആണ് ഓണ്‍ലൈനായി യുവതിക്ക് സുഖപ്രസവം നടന്നത്.
മാസം തികഞ്ഞ പ്രസവ സംബന്ധമായ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ യുവതിക്ക് വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവവേദന തുടങ്ങുന്നത്. എന്നാല്‍ ഉടന്‍ തന്നെ കേരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ ആരംഭിച്ചു. പക്ഷെ എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ യുവതി നേരിട്ടിരുന്നതിനാല്‍ ആശുപത്രിയിലേക്ക് മാറണമെന്ന ഘട്ടം വന്നു. എന്നാല്‍ പുറത്തെ മഞ്ഞ് വീഴ്ച അതിന് വില്ലനായിരുന്നു.
ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കേരന്‍ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതിനാല്‍ തന്നെ വായു മാര്‍ഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയൂ. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിക്കവെ ആണ് ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ് വാട്ട്സ്ആപ്പ് കോളിലൂടെ വിളിക്കാം എന്ന ആശയം കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ ടീമിന്റെ തലയില്‍ ഉദിക്കുന്നത്.
പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. ഡോക്ടറെ വിളിച്ച് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ യുവതിക്ക് സപഖപ്രസവം നടന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.