യുകെ മലയാളികള്‍ക്ക് തീരാ വേദനയായി മലയാളി നഴ്സിന്റെ മരണം. ലിവര്‍പൂള്‍ ഹാര്‍ട്ട് & ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും പാലാ സ്വദേശിയുമായ മാര്ട്ടിന് വി ജോര്‍ജിന്റെ ഭാര്യ അനു മാര്ട്ടിന് (37) ഞായറാഴ്ച മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രില്‍ അന്തരിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി രോഗം ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഭര്‍ത്താവായ മാര്ട്ടിന് ലിവര്‍പൂളില്‍ എത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളത്. അനു യുകെയില്‍ എത്തിയിട്ട് വെറും മൂന്ന് ആഴ്ചകള്‍ പൂര്‍ത്തിയാകുമ്പോളാണ് ഏഴും മൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികളെ അവരുടെ പിതാവ് മാര്‍ട്ടിനെ ഏല്‍പ്പിച്ച് അനു നിത്യതയിലേക്ക് യാത്രയായിരിക്കുന്നത്.
അനു കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബ്ലഡ് ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും ബോണ്‍ മാരോ ട്രാന്സ്പ്ലാന്റഷനിലൂടെ രോഗത്തെ നിയന്ത്രിച്ചതിന് ശേഷമാണ് യുകെയില്‍ വലിയ പ്രതീക്ഷകളോടെ ഭര്‍ത്താവിനൊപ്പം ചേര്‍ന്നത് . എന്നാല്‍ ലിവര്‍പൂളിലെത്തിയ ആദ്യ ദിവസംതന്നെ അനുവിനെ വളരെ ക്ഷീണിതയായി കാണപ്പെടുകയും ഉടനടി ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലേറ്റെര്ബ്രിഡ്ജ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.
എന്നാല്‍ ഈ കഴിഞ്ഞ ആഴ്ചയില്‍ അനുവിന്റെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന്, മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സകള്‍ തുടരുന്നതിനിടെ ആരോഗ്യനില വീണ്ടും വഷളായി വൈകിട്ട് ആറ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രണ്ട് പെണ്മക്കള് ആണ് ദമ്പതികള്‍ക്കുള്ളത് - ആഞ്ജലീന (7) ഇസബെല്ല (3). മക്കള്‍ ഇരുവരും നാട്ടില്‍ ആണ് ഉള്ളത്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി .പി ജോര്‍ജ് & ഗ്രേസി ദമ്പതികളുടെ ഇരട്ടമക്കളില്‍ ഒരാളാണ്. നഴ്സ് ആയ മാര്ട്ടിന് ഇറാഖിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാന്‍ നാട്ടിലെത്തി ചികില്സിക്കാവുന്ന മുഴുവന്‍ ചികിത്സകളും നല്കി അങ്ങനെ ഇരുന്നപ്പോളാണ് യു കെ യ്ക്ക് പോരാന്‍ അവസരം കിട്ടിയത്. അനുവിന് ടീം ബ്രിട്ടീഷ് പത്രത്തിന്റെ പേരില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.