ചെഷയറില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബ്രിയാന ഗെയ് എന്ന പതിനാറുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ചെഷയറിലെ വാറിംഗ്ടണിനടുത്തുള്ള ഗ്രാമമായ കുല്‍ചെത്തിലെ ലീനിയര്‍ പാര്‍ക്കില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. റെയില്‍വേ കട്ടിംഗിന്റെ സൈറ്റിലെ ബ്യൂട്ടി സ്‌പോട്ടില്‍ ബ്രിയാന ഗെയ് ഒരു സംഘത്തിന്റ അപ്രതീക്ഷിത ആക്രമണത്തിന് ഇരയാവുകയായിരുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആയതിന്റെ പേരില്‍ താന്‍ സ്‌കൂളില്‍ പലതവണ അപമാനിക്കപ്പെട്ടിരുന്നു എന്ന് തുറന്നു പറഞ്ഞതിന്റെ പ്രതികാരമായിരുന്നു, ലക്ഷ്യം വെച്ചുള്ള ആ കൊലപാതകം.
ട്രാന്‍സ്ജെന്‍ഡര്‍ ആയ ബ്രിയാന്ന ടിക്ടോക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സ് ഉള്ള വ്യക്തിയായിരുന്നു. കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് , സ്‌കൂളില്‍ നിന്നും ബഹിഷ്‌കൃതയായി എന്നൊരു തലക്കെട്ടോടെ ഒരു വീഡിയോ ബ്രിയാന്ന പോസ്റ്റ് ചെയ്തിരുന്നു. ബ്രിക്ക്വുഡ് കമ്മ്യുണിറ്റി സ്‌കൂളിലെ യൂണിഫോം ധരിച്ചുകൊണ്ട്, തന്റെ കിടപ്പുമുറിയില്‍ വെച്ചായിരുന്നു ആ വീഡിയോ ചിത്രീകരിച്ചത്. ആ വീഡിയോ പുറത്തുവന്നപ്പോള്‍ ബ്രിയാന്നയുടെ സുഹൃത്തുക്കള്‍ പറഞ്ഞത് വര്‍ഷങ്ങളായി അവര്‍ സ്‌കൂളില്‍ അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു എന്നാണ്.
ഒരു ട്രാന്‍സ്ജെന്‍ഡറായി എന്ന ഒരൊറ്റ കാരണത്താല്‍ മറ്റു ചില വിദ്യാര്‍ത്ഥികള്‍ ബ്രിയാന്നയെ സംഘം ചേര്‍ന്ന് മര്‍ദ്ധിച്ചിട്ടുണ്ട് എന്നും അവരില്‍ ഒരാള്‍ പറഞ്ഞു. സ്‌കൂള്‍ അധ്യാപകരും ചെഷയര്‍ പോലീസും അതില്‍ ഇടപെടാന്‍ വിസമ്മതിച്ചു എന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
അതേസമയം, സ്‌കൂള്‍ ഹെഡ് ടീച്ചര്‍ പറഞ്ഞത് ബ്രിയന്നയുടെ മരണവിവരം ഞെട്ടിച്ചു എന്നാണ്. ബ്രിയന്നക്ക് നീതി ലഭിക്കുന്നതിനുള്ള ഏത് ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അവര്‍ പറയുന്നു. തീര്‍ത്തും ധീരയായ ഒരു പെണ്‍കുട്ടിയായിരുന്നു ബ്രിയന്ന എന്ന് അവളുടെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന പെണ്‍കുട്ടി, വലിയരീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വളര്‍ന്നു വരികയായിരുന്നു എന്നും അവര്‍ പറഞ്ഞു.