അനുദിനം കുതിച്ചുയരുന്ന പലിശ നിരക്കും ജീവിത ചിലവും മൂലം ബ്രിട്ടനില്‍ വീട് വിപണി തകര്‍ച്ചയില്‍. വീട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന പാതി പേരും വിപണി വിട്ടെന്നാണ് പ്രമുഖ സേര്‍ച്ച് എഞ്ചിനായ സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കണ്ണായ സ്ഥലങ്ങളില്‍ പോലും വീട് വില കുറച്ചിട്ടാല്‍ പോലും കച്ചവടം നടക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് അവസ്ഥ.
വീട് വാങ്ങാന്‍ ഉദ്ദേശം ഉണ്ടെങ്കിലും പല കുടുംബങ്ങളുടെയും വാങ്ങല്‍ ശേഷി കാര്യമായി കുറഞ്ഞെന്നാണ് മോര്‍ട്ടഗേജ് അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകള്‍ കണ്ടെത്തുന്നത്. വരുമാനവും ചിലവും തമ്മില്‍ ഉള്ള അന്തരം വിലയിരുത്തിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജനങ്ങളുടെ വാങ്ങല്‍ ശേഷി നിശ്ചയിക്കുന്നത്. വാങ്ങല്‍ ശേഷിയില്‍ പിന്നോക്കം പോയാല്‍ വീട് വായ്പ ലഭിക്കുന്ന തുകയിലും ഏറെ കുറവുണ്ടാകും.
ഈ വര്‍ഷം അവസാനം വരെ പലിശ നിരക്ക് ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനമാണ് വീട് വിപണിക്കു തിരിച്ചടിയായി മാറിയത്. മോര്‍ട്ട്ഗേജ് സ്വന്തമായുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ റീമോര്‍ട്ടഗേജിനു ചെല്ലുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന പുതിയ നിരക്ക് താങ്ങാനാവാത്തതാണ്. കുറഞ്ഞത് അഞ്ഞൂറ് പൗണ്ടിന്റെ വര്‍ധന സഹിക്കേണ്ട സ്ഥിതിയാണ്. വലിയ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതോടെ വീടുകള്‍ കൈവശം വയ്ക്കാന്‍ പ്രയാസപ്പെടുകയാണ് അനേകമാളുകള്‍.
ജീവിത ചിലവ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അനേകം കുടുംബങ്ങളുടെ വാര്‍ഷിക ബജറ്റ് താളം തെറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നത് വീട് വിപണിയില്‍ പ്രതിഫലിക്കുന്നു. വലിയ വീടുകള്‍ കയ്യൊഴിഞ്ഞു ചെറിയ വീടുകള്‍ തേടുന്നതും വില കൂടിയ പ്രദേശത്തു നിന്നും വില കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറുവാനും സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. എങ്കിലും ആശുപത്രി, സ്‌കൂള്‍, ബിസിനസ് സ്ഥാപനങ്ങള്‍, മോട്ടോര്‍വേയുടെ സാമീപ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ന്ന ഹോട്ട് സ്പോട്ടുകളില്‍ വില കുറയുന്നുമില്ല. കുടിയേറ്റക്കാരുടെ സാന്നിധ്യം കൂടിയ മേഖലകള്‍ ആണിവ.
നാല് മാസമായി തുടര്‍ച്ചയായി വില ഇടിഞ്ഞത് നല്ല സൂചനയല്ലെന്നു ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന സ്ഥാപനമായ ഹാലിഫാക്‌സും പറയുന്നു.