വന്നു വന്ന് ബ്രിട്ടനില്‍ ജീവനക്കാര്‍ സമരത്തില്‍ ഏര്‍പ്പെടാത്ത തൊഴില്‍ മേഖല ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസകരമായിരിക്കും. കുതിക്കുന്ന ജീവിതച്ചെലവിനോട് തുലനം ചെയ്യാന്‍ സാധാരണക്കാരന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം മതിയാകാതെ വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ സമരം ചെയ്യുന്നവരുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം നേടിയിരിക്കുന്നത് നഴ്സുമാര്‍ക്കും റെയില്‍ ജീവനക്കാര്‍ക്കും പിന്നാലെ ആംബുലന്‍സ് ജീവനക്കാരും ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാരുമാണ്.
പിസിഎംസ് യൂണിയനില്‍ അംഗങ്ങളായ ആയിരത്തോളം ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാരാണ് നാലു ദിവസം പണിമുടക്കില്‍ ഏര്‍പ്പെടുന്നത്. കലൈസ്, ഡണ്‍കിര്‍ക്ക്, ഡോവര്‍ തുറമുഖങ്ങളിലും കോക്വെല്ലെസ് ചാനല്‍ ടണല്‍ ടെര്‍മിനലിലും പണിമുടക്ക് ഉണ്ടാകും.
പണിമുടക്കിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിന് സൈനിക ഉദ്യോഗസ്ഥര്‍ക്കും സിവില്‍ സര്‍വീസുകാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും അതിര്‍ത്തി കടക്കാന്‍ കൂടുതല്‍ സഹായം കാത്തിരിക്കാന്‍ അവരുടെ കുടുംബങ്ങളെ ഒരുക്കണമെന്ന് ഗവണ്‍മെന്റ് പറഞ്ഞു.സാധ്യമാകുന്നിടത്ത് ഇ ഗേറ്റ് ഉപയോഗിക്കണമെന്നും യാത്രക്കു മുമ്പ് ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെടണമെന്നും ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാന്‍ഡിലേയും വടക്കന്‍ അയര്‍ലന്‍ഡിലേയും യുണൈറ്റ് യൂണിയനില്‍ അംഗങ്ങളായ ആംബുലന്‍സ് ജീവനക്കാരാണ് പണിമുടക്കില്‍ ഉള്ള മറ്റൊരു വിഭാഗം. അടിയന്തര ഘട്ടങ്ങളില്‍ 999 എന്ന നമ്പരില്‍ വിളിച്ചു സേവനം ഉപയോഗിക്കാനാണ് ജനങ്ങളോട് എന്‍എച്ച്എസിന്റെ നിര്‍ദ്ദേശം. ഹൃദയ സ്തംഭനങ്ങള്‍ ഉള്‍പ്പെടെ ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളിലാണ് ആംബുലന്‍സുകള്‍ അയക്കുക.
ഇംഗ്ലണ്ടിലുടനീളം എന്‍എച്ച്എസ് ഫിസിയോതെറാപ്പി ജീവനക്കാരും പണിമുടക്കിലാണ്. 4200 ജീവനക്കാര്‍ ഇന്നലത്തെ പണിമുടക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് അവരുടെ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് ഇംഗ്ലണ്ടിലുടനീളമുള്ള 150 സര്‍വകലാശാലകളിലെ ജീവനക്കാരുടെ പണിമുടക്ക്.