ബ്രിട്ടീഷ് കാമുകി സീതാ വൈറ്റിനൊപ്പമുള്ള അവിഹിത ബന്ധം പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാന്‍ ഖാന്റെ രാഷ്ടീയ ഭാവിക്ക്‌മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. കാമുകിയ്ക്കൊപ്പം കുഞ്ഞിന് ജന്മം നല്‍കിയെന്ന് തെരഞ്ഞെടുപ്പില്‍ പരസ്യപ്പെടുത്താതിരുന്നതാണ് ഖാന് വിനയായത്. ഇമ്രാന്‍ ഖാനെ രാജ്യത്തെ ഹൈക്കോടതി വിളിച്ചുവരുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ബിസിനസ്സ് വമ്പന്റെ മകളായ സീതാ വൈറ്റിനൊപ്പം വിവാഹേതര ബന്ധത്തില്‍ രഹസ്യമായി ടിറിയാന്‍ ജേഡ് എന്നുപേരിട്ട മകള്‍ക്ക് ജന്മം നല്‍കിയ കാര്യമാണ് ഖാന്‍ തെരഞ്ഞെടുപ്പില്‍ മറച്ചുവെച്ചത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ ഭാര്യയുടെയും, താന്‍ പിന്തുണ നല്‍കുന്ന മക്കളുടെയും പേരുവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ രേഖപ്പെടുത്തണം. 2018-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 70-കാരനായ ഖാന്‍ ഏകപക്ഷീയ വിജയം നേടി പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. എന്നാല്‍ മുന്‍ ഭാര്യ ജെമീമാ ഖാനെയും, രണ്ട് ആണ്‍മക്കളെയും കുറിച്ച് മാത്രമാണ് ഖാന്‍ വിവരം നല്‍കിയത്.
സീതാ വൈറ്റില്‍ പിറന്ന 27-കാരി ടിറിയാന്‍ വൈറ്റിനെ കുറിച്ച് പത്രികയില്‍ രഹസ്യമാക്കി വെച്ചു. വിഷയത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഖാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്നും ഇമ്രാന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് സാരം.
നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ അന്വേഷണ ഏജന്‍സിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജൂവലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.