ഇക്കഴിഞ്ഞ ജനുവരി 27 ന് രാവിലെ തന്റെ വളര്‍ത്തു നായയുമായി നടക്കാന്‍ ഇറങ്ങിയ നിക്കോള ബുള്ളിയെ കാണാതായിട്ട് ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ രണ്ട് മക്കളുടെ അമ്മയ്ക്കായുള്ള തെരച്ചിലില്‍ സുപ്രധാന വഴിത്തിരിവ്. നിക്കോളാ ബുള്ളെയെ കാണാതായതിന് സമീപമുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇത്. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടിവരും. ഇക്കാര്യം വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ലങ്കാ ഷെയര്‍ പോലീസ് അറിയിച്ചു.
നിക്കോളയെ അവസാനമായി കണ്ട സ്ഥലത്തു നിന്നും ഒരു മൈലിനുള്ളില്‍ റോക്ലിഫ് റോഡിന് സമീപമുള്ള വയര്‍ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൂചനകളെ തുടര്‍ന്ന് ആണ്ടര്‍ വാട്ടര്‍ സേര്‍ച്ച് ടീമും സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം വീണ്ടെടുത്തത്. ഔപചാരികമായ തിരിച്ചറിയല്‍ നടന്നുകഴിഞ്ഞേ ഇത് നിക്കോള ബുള്ളിയാണോ എന്ന് പറയാന്‍ സാധിക്കുകയുള്ളൂ എന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു . നിക്കോളയുടെ കുടുംബത്തെ പുതിയ സംഭവവികാസങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
നിക്കോളയെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പങ്കാളി 44-കാരന്‍ പോള്‍ ആന്‍സെലും, ആറും, ഒന്‍പതും വയസ്സായ പെണ്‍മക്കളും. എന്നാല്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ലങ്കാഷയറിലെ വൈര്‍ നദിയിലേക്ക് വളര്‍ന്ന ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ വെള്ളമുടിയുള്ള സ്ത്രീയുടെ മൃതദേഹം നടക്കാനിറങ്ങിയവര്‍ ശ്രദ്ധിച്ചത്.
മൃതദേഹം കണ്ടെത്തിയതോടെ കുടുംബം മാനസികമായി തകര്‍ന്ന നിലയിലാണ്. ബുള്ളെയുടെ ഫോണ്‍ കണ്ടെത്തിയതിന് തൊട്ടുതാഴെയുള്ള പ്രദേശത്താണ് മൃതദേഹം കിടന്നത്.