അഹമ്മദാബാദ് : ഒരു സന്തോഷം വന്നാല്‍ ആദ്യം എന്ത് ചെയ്യും. ചിലര്‍ തുള്ളിച്ചാടും ചിലര്‍ മധുരം പങ്കുവെക്കും അങ്ങനെ പലരീതിയില്‍ ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുന്നവരുണ്ട്. എന്നാല്‍ അനന്തരവന്റെ വിവാഹത്തിന് സന്തോഷം കാരണം ഒരമ്മാവന്‍ നോട്ടുമഴ തന്നെയാണ് നടത്തിയിരിക്കുന്നത്.
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ അഗോള്‍ എന്ന ഗ്രാമത്തിലാണു സംഭവം നടന്നത്. വിവാഹത്തിനെത്തിയവര്‍ക്ക് മുകളിലൂടെ നോട്ടു മഴ പെയ്തപ്പോള്‍ അതിഥികളെല്ലാം അമ്പരന്ന് പോയി. പിന്നീടാണ് എല്ലാം മനസ്സിലായത്. അനന്തരവന്റെ വിവാഹ ആഘോഷത്തിന്റെ സന്തോഷത്തില്‍ അമ്മാവന്‍ തന്നെയാണ് നോട്ടുമഴ പെയ്യിച്ചത്. പത്ത് അമ്പതും ഒന്നുമല്ല 200ന്റെയും 500ന്റെയും പിടയ്ക്കുന്ന നോട്ടുകളായിരുന്നു അത്.
അപ്രതീക്ഷിതമായ സംഭവം കണ്ട് കണ്ണ് തള്ളിയ നാട്ടുകാര്‍ നോട്ടെടുക്കാന്‍ തിക്കും തിരക്കും ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഗോള്‍ ഗ്രാമത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കരീം യാദവാണു അമ്മാവന്‍. അനന്തരവന്‍ റസാഖിന്റെ വിവാഹം നടന്ന സന്തോഷമാണ് അമ്മാവന്‍ വിവാഹഘോഷയാത്ര കടന്നു പോകുമ്പോള്‍ വീടിന്റെ ടെറസിനു മുകളില്‍ നിന്ന് നോട്ടുകള്‍ വാരിവിതറി പങ്കിട്ടത്.
മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് ഇവര്‍ നോട്ടുകള്‍ വിതറിയത്. ഇതിന് കരീമിനെ സഹായിക്കാന്‍ ചില ബന്ധുക്കളും ഒപ്പം കൂടിയിരുന്നു. കരീം 200 രൂപയുടെ നോട്ട് താഴേക്ക് ഇട്ടപ്പോള്‍ ബന്ധുക്കള്‍ 500 രൂപ നോട്ടുകള്‍ താഴേക്കു വിതറി കൊണ്ടേയിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് നോട്ടുകള്‍ പാറിവന്നതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു. ചിലര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഗുജറാത്തില്‍ അടുത്തകാലത്തായി വിവാഹാഘോഷങ്ങള്‍ക്കിടെ നോട്ടുകളും ആഭരണങ്ങളും വാരി വിതറുന്ന രീതി കണ്ടുവരുന്നുണ്ട്. ഏതായാലും ആഗോളിലെ വിവാഹം കെങ്കേമമാക്കിയ നോട്ടുമഴ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.