കൊടും താപത്തില്‍ വിയര്‍പ്പൊപ്പിയ ബ്രിട്ടന്‍ വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ തണുത്ത് കിടുകിടാ വിറക്കും. ഓട്ടോ കൊടുങ്കാറ്റ് താണ്ഡവമാടാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് മെറ്റ് ഓഫീസ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്തയാഴ്ച്ച ചുരുങ്ങിയത് ആറ് ദിവസങ്ങളെങ്കിലും നീണ്ടു നില്‍ക്കുന്ന കൊടും തണുപ്പിന്റെ ദിനങ്ങള്‍ ബ്രിട്ടന് ഈ കൊറ്റുങ്കാറ്റ് സമ്മാനിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.
മഞ്ഞും, മഞ്ഞുപാളികളും രൂപപ്പെടുന്നതിന് പുറമെ താപനില -7 സെല്‍ഷ്യസിലേക്ക് താഴും. ബുധനാഴ്ച മുതലാണ് ഈ പ്രകടമായ മാറ്റം കണ്ടുതുടങ്ങുക. 800 മൈല്‍ വ്യാപ്തിയുള്ള ഗ്രീന്‍ലാന്‍ഡ് ബാരേജാണ് ആദ്യം നോര്‍ത്തിലും, പിന്നീട് സൗത്തിലേക്കും യാത്ര ചെയ്യുകയെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍ വ്യക്തമാക്കുന്നു. ബര്‍മിംഗ്ഹാമില്‍ വെള്ളിയാഴ്ചയോടെ മഞ്ഞുവീഴുമെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷമുള്ള ആഴ്ചയില്‍ ലണ്ടനില്‍ മഞ്ഞെത്തും.
നോര്‍ത്ത് മേഖലയില്‍ ഇക്കഴിഞ്ഞ ആഴ്ചയില്‍ ഓട്ടോ കൊടുങ്കാറ്റ് നടമാടിയിരുന്നു. ആബെര്‍ദീന്‍ഷയറില്‍ 60,000-ലേറെ വീടുകളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. സ്‌കോട്ടിഷ് & സതേണ്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക്സ് 42,000 വീടുകളിലെ വൈദ്യുതി തിരികെ എത്തിച്ചെങ്കിലും 1300-ലേറെ വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.
മണിക്കൂറില്‍ 83 മൈല്‍ വേഗത്തിലായിരുന്നു അബ്രിഡീന്‍ഷയറില്‍ കാറ്റടിച്ചത്. അതേസമയം യോര്‍ക്ക്ഷയറിന്റെ മിക്ക ഭാഗങ്ങളിലും നോര്‍ത്തംബര്‍ലാന്‍ഡിലും മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ കാറ്റടിച്ചു. വടക്കന്‍ ഇംഗ്ലണ്ടില്‍ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കിയപ്പോള്‍ പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടു.