ദുബൈ : അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിങില്‍ ലിഫ്റ്റില്‍ വെച്ച് പതിനാറ് വയസ്സുള്ള വിദ്യാര്‍ത്ഥിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച പ്രവാസി യുവാവ് കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി.
സംഭവ ദിവസം യൂണിഫോം ധരിച്ച് പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്നത് യുവാവ് കണ്ടിരുന്നു. ലിഫ്റ്റില്‍ കുട്ടിയുടെ ഒപ്പം കയറിയ ഇയാള്‍ കുട്ടിയെ ഒരു വശത്തേക്ക് പിടിച്ചുവലിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടി ലിഫ്റ്റില്‍ നിന്ന് പുറത്ത് ഇറങ്ങാതിരിക്കാന്‍ കൈവെച്ച് തടയുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഒന്നാം നിലയിലായിരുന്നു താമസിച്ചിരുന്നതെന്നതിനാല്‍ വേഗം തന്നെ കുട്ടിയ്ക്ക് ലിഫ്റ്റില്‍ പുറത്തിറങ്ങാന്‍ സാധിച്ചു.
ലിഫ്റ്റില്‍ നിന്ന് ഇറങ്ങി അപ്പാര്‍ട്ട്‌മെന്റിലേക്ക് നടക്കവെ ഇയാള്‍ പിന്നാലെ ചെന്നും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ക്യാമറകളില്ലാത്ത എമര്‍ജന്‍സി സ്റ്റെയര്‍കെയ്‌സിലേക്ക് കുുട്ടിയെ പിടിച്ചുകൊണ്ട് പോകാനായിരുന്നു ശ്രമം. എന്നാല്‍ യുവാവിനെ തള്ളി മാറ്റി, കുട്ടി അപ്പാര്‍ട്ട്‌മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.
പേടിച്ചരണ്ട നിലയിലാണ് മകള്‍ വീട്ടിലേക്ക് വന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. മകള്‍ കാര്യം പറഞ്ഞപ്പോള്‍ തന്നെ അമ്മ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ അടുത്തേക്ക് പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.
ഇത്തരമൊരു സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിങില്‍ എത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇതേ കെട്ടിടത്തില്‍ തന്നെ താമസിച്ചിരുന്ന പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കേസ് ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍ വന്നത്.