ചില നാടുകളില്‍ വിവാഹത്തിന് സംഭവിക്കുന്ന പലതരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് വൈറലാകുന്നത്.
വിവാഹത്തിന് മദ്യപിച്ച് എത്തിയ വരനെ വേണ്ടെന്ന് വെച്ച വധുവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം നടന്നത്. അടിച്ച് പൂസായി ആടി നില്ക്കുന്ന വരന്റെയും മണ്ഡപത്തില്‍ ഇരുന്ന് മയങ്ങുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വിവാഹത്തിന് വലിയ പ്രതീക്ഷകളോടെയാണ് വധു വരനെ കാത്തിരുന്നത്. എന്നാല്‍ വരനോ മദ്യലഹരിയിലും. ഫിറ്റായി കാല് നിലത്തുറക്കാതെയാണ് കാറില്‍ നിന്നു തന്നെ വരന് പുറത്തിറങ്ങിയത്. മദ്യപിച്ച് ആടി കുഴഞ്ഞ ഇയാളെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് മണ്ഡപത്തിലെത്തിച്ചത്. മണ്ഡപത്തിലെത്തിയതോടെയാണ് മദ്യലഹരിയിലാണെന്ന് വധുവും മനസിലാക്കുന്നത്.
ഇതെല്ലാം കണ്ടെങ്കിലും ആദ്യം വധു ഒന്നും പ്രതികരിച്ചില്ല. പക്ഷെ വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിനിടെ മണ്ഡപത്തിലിരുന്ന വരന് മയങ്ങിപ്പോവുകയായിരുന്നു. വിവാഹം നടത്താനെത്തിയ പൂജാരി ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങള്‍ പോലും ചൊല്ലാനുള്ള ബോധം വരനുണ്ടായിരുന്നില്ല. ഇതോടെ വധു എഴുന്നേറ്റ് തനിക്ക് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ച് വേദി വിട്ടിറങ്ങുകയായിരുന്നു.
നാല്‍ബാരി ടൗണിലെ താമസക്കാരനാണ് വരന്. ഒരു മാസം മുമ്പാണ് യുവാവിന്റെ വിവാഹം നിശ്ചയിക്കുന്നത്. 'വിവാഹം ഭംഗിയായി നടക്കുമെന്നാണ് കരുതിയത്. എന്നാല്‍ വരന്റെ വീട്ടില്‍ നിന്നെത്തയവരില് ഭൂരിഭാഗം പേരും മദ്യലഹരിയിലായിരുന്നു. വരന് കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അയാളുടെ പിതാവ് അതിലും മോശം അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ടാണ് പെണ്‍കുട്ടി തനിക്കീ വിവാഹം വേണ്ടെന്ന് പറഞ്ഞത്'- പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടി വിവാഹം വേണ്ടെന്ന് പറഞ്ഞതോടെ കല്യാണത്തിനെത്തിയവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഗ്രാമ മുഖ്യന് വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇരുകൂട്ടരോടും സംസാരിച്ചെങ്കിലും താന്‍ വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. ഇതോടെ പൊലീസ് വരനെയും കൂട്ടരെയും മടക്കി അയക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിവാഹത്തിവായി ഒരുക്കങ്ങള്‍ നടത്തിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം നാല്‍ബാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.