വിവാഹധനമായി വധുവിന് കിട്ടിയ തുക കുറഞ്ഞ് പോയെന്ന് പറഞ്ഞ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. വരന്റെ വീട്ടുകാര്‍ വധുവിന് നല്‍കിയ തുക കുറഞ്ഞ് പോയെന്ന് പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.
സംഭവം നടക്കുന്നത് ഹൈദരാബാദിലാണ്. വധുവിന്റെ വീട്ടുകാര്‍ക്ക് വിവാഹധനം നല്‍കുന്നതാണ് പെണ്‍കുട്ടി ഉള്‍പ്പെടുന്ന ഗോത്രസമൂഹത്തില്‍ സാധാരണ സ്ത്രീധന സമ്പ്രദായം. ഇത് പ്രകാരം വരന്‍ നല്‍കിയത് രണ്ട് ലക്ഷം രൂപയായിരുന്നു. വ്യാഴാഴ്ച വിവാഹം നടക്കേണ്ടതുമായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ അന്ന് മണ്ഡപത്തിലേക്ക് ഇറങ്ങേണ്ട വധു ഇറങ്ങാതായതോടെയാണ് സംഭവം കൈവിട്ട് പോയത്.
വരന്റെ വീട്ടുകാര്‍ തന്നതിലും കൂടുതല്‍ തുക താന്‍ അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു വധുവിന്റെ വാദം. വധുവിനെ അനുനയിപ്പിക്കാന്‍ പലരും ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പണം വേണമെന്ന ആവശ്യത്തില്‍ യുവതി ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ വരന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പൊലീസ് ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടി വിവാഹത്തിന് സമ്മതമല്ല എന്ന് പറഞ്ഞതോടെ വിവാഹ നടത്തിപ്പുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ വിവാഹധനമായി വാങ്ങിയ 2 ലക്ഷം രൂപ വരനും കൂട്ടര്‍ക്കും തിരികെ നല്‍കാനും പൊലീസ് അറിയിച്ചു.