വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം വേണമെന്നത് ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ വിദ്യാഭ്യാസമില്ലെന്ന കാരണത്താലും പരീക്ഷയ്ക്ക് വിജയിച്ചില്ലെന്ന കാരണത്താലും ഏതെങ്കിലും വിവാഹം, വിവാഹനിശ്ചയ ശേഷം തെറ്റി പോയിട്ടുണ്ടോ? അത്തരം ഒരു സംഭവമാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായത്.
വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്കില്ലെന്ന് ആരോപിച്ച് വരന് വിവാഹത്തില്‍ നിന്നും പിന്മാറിയത്രേ. സംഭവം നടക്കുന്നത് ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ്.
ഈ ഗ്രാമത്തിലെ വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന 'ഗോധ് ഭാരായി' ചടങ്ങിന് ശേഷമാണ് വരന് വിവാഹത്തില്‍ നിന്നും പിന്മാറിയത്. സംഭവം വിവാഹ നിശ്ചയത്തിന് ശേഷം വരന് പിന്മാറിയതോടെ വധുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വരന്റെ കുടുംബത്തിലുള്ള സ്ത്രീകള്‍ വധുവിനെ അവരുടെ കുടുംബത്തിലേയ്ക്ക് സ്വീകരിക്കുന്ന ചടങ്ങാണ് ഗോധ് ഭാരായി.
തന്റെ മകള്‍ സോണിയുടെ വിവാഹം ബഗന്‍വ ഗ്രാമത്തിലെ രാംശങ്കറിന്റെ മകന് സോനുവുമായി നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ സോണിയുടെ മാര്‍ക്ക് കുറവാണെന്ന് പറഞ്ഞ് സോനു വിവാഹത്തില്‍ നിന്ന് പിന്മാറിയതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. 2022 ഡിസംബര്‍ നാലിനാണ് ഗോധ് ഭാരായി ചടങ്ങ് നടത്തിയത്. അന്ന് നടന്ന ചടങ്ങില്‍ 60,000 രൂപ ചെലവായെന്നും 15,000 രൂപ വിലമതിക്കുന്ന സ്വര്‍ണമോതിരം വരന് സമ്മാനിച്ചെന്നും സോണിയുടെ പിതാവ് പറഞ്ഞു.
എന്നാല്‍ ഇത് അവര്‍ പറയുന്ന വെറുമൊരു കാരണമാണെന്നും, വിവാഹത്തില്‍ നിന്നും പിന്മാറാന് കാരണം ഇതല്ലെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞശേഷം വരന്റെ വീട്ടുകാര്‍ വീണ്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നും അത് നല്കാന് വധുവിന്റെ പിതാവ് സമ്മതിച്ചില്ലെന്നുമാണ് ആരോപിക്കുന്നത്.