അഹ്‌മദാബാദ് : പലതരം കേസുകള്‍ കോടതിയില്‍ വരാറുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ അപൂര്‍വ്വമെന്ന് തോന്നുന്ന ചില കേസുകള്‍ വാര്‍ത്തയാകാറുമുണ്ട്. അത്തരത്തില്‍ ഒരു കേസാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
വിവാഹിതയായ കാമുകിയെ ഭര്‍ത്താവില്‍ നിന്ന് വിട്ട് കിട്ടണമെന്ന അപൂര്‍വ്വ ആവശ്യവുമായിട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാല്‍ യുവാവിന്റെ ആവശ്യം നടപ്പാക്കി കൊടുത്തില്ല എന്ന് മാത്രമല്ല യുവാവിന് നല്ലൊരു പണിയാണ് കോടതി തിരിച്ചു കൊടുത്തത്.
ഗുജറാത്ത് ഹൈകോടതിയില്‍ ആണ് കേസ് എത്തിയത്. വിവാഹിതയായ മറ്റൊരാളുടെ ഭാര്യയെ വിട്ടുകിട്ടാന്‍ ഇയാള്‍ കാരണമായി കാണിച്ചത് ലിവ്-ഇന്‍ സംബന്ധിച്ച് ഉണ്ടാക്കിയ കരാറാണ്. കാമുകിയുടെ വിവാഹം നിര്‍ബന്ധപൂര്‍വം നടത്തിയതാണെന്നും തന്റെ സമ്മതമില്ലാതെ ഭര്‍ത്താവിനൊപ്പം കഴിയുകയാണെന്നും അതിനാല്‍ കാമുകിയെ ഭര്‍ത്താവില്‍ നിന്ന് മോചിപ്പിച്ച് തനിക്ക് കൈമാറണമെന്നും ആണ് യുവാവിന്റെ ആവശ്യം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ നിന്നുള്ള യുവാവ് ആണ് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.
യുവതി വിവാഹത്തിന് മുന്‍പ് തനിക്കൊപ്പം താമസിച്ചിരുന്നതായും രണ്ടു പേരും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് കരാര്‍ ഉണ്ടായിരുന്നെന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം കാമുകിയുടെ ബന്ധുക്കള്‍ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയെന്നും ആണ് പരാതിയില്‍ പറയുന്നത്. യുവതി തനിക്ക് ഇഷ്ടമില്ലാത്ത ആളെയാണ് ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ട ജസ്റ്റിസ് വിഎം പഞ്ചോളിയും ജസ്റ്റിസ് എംഎം പ്രചകും അടങ്ങുന്ന ബെഞ്ച്, യുവതി വിവാഹമോചിതയോ പുനര്‍വിവാഹമോ ആയിട്ടില്ലെന്നും അതിനാല്‍ ഭര്‍ത്താവിനൊപ്പം കഴിയുന്നത് അനധികൃത കസ്റ്റഡിയായി കണക്കാക്കാനാവില്ലെന്നും നിരീക്ഷിച്ചു. യുവാവ് ഹാജരാക്കിയ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് കരാറിന്റെ അടിസ്ഥാനത്തില്‍, ഹരജി ഫയല്‍ ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തുകയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പണം അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.