ലക്നൗ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് പോയ യുവതി അന്ന് തന്നെ സ്വന്തം വീട്ടിലേക്ക് എത്തിയത് വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറെടുത്ത്. അതിന് കാരണം ഭര്‍ത്താവിന്റെ വീട്ടിലെത്താന്‍ ദൂരം കൂടുതലാണെന്നതും.
ഉത്തര്‍പ്രദേശിലെ തന്നെ പ്രയാഗ്രാജാണ് ആണ് വീടെന്ന് വിശ്വസിപ്പിച്ചാണ് വരനും കൂട്ടരും വിവാഹത്തിന് എത്തിയത്. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് പ്രയാഗ്രാജല്ല, മറിച്ച് രാജസ്ഥാനാണ് യുവാവിന്റെ നാടെന്ന് വധു മനസിലാക്കുന്നത്. ഇതോടെയാണ് സംഭവം മാറി മറിയുന്നത്.
രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ രവി എന്ന യുവാവുമായിട്ടായിരുന്നു ഉത്തര്‍പ്രദേശിലെ യുവതിയുടെ വിവാഹം. വിവാഹ ചടങ്ങുകളെല്ലാം വാരണാസിയില്‍ വച്ചായിരുന്നു. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ നവദമ്പതികളും ബന്ധുക്കളും ഭര്‍തൃഗൃഹത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കാണ്‍പൂരിലെ പെട്രോള്‍ പമ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് യുവതി ഇത്രയും ദൂരം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞ് കരഞ്ഞു. ചകേരി എ സി പി അമര്‍നാഥാണ് സംഭവം പുറത്തറിയിച്ചത്.
'കഴിഞ്ഞ ഏഴുമണിക്കൂറായി വാരണാസില്‍ നിന്ന് യാത്ര ചെയ്യുകയാണ്. എന്നിട്ടും ഭര്‍തൃവീട്ടില്‍ എത്തിയില്ല. ഞാന്‍ പൂര്‍ണമായും തളര്‍ന്നു. എനിക്കിപ്പോള്‍ രാജസ്ഥാനിലേയ്ക്ക് പോകാന്‍ താത്പര്യമില്ല. എനിക്കത്രയും ദൂരം പോകാനാകില്ല'- അവിടെയെത്തിയ എ സി പിയോട് യുവതി കരഞ്ഞുപറഞ്ഞു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടറോട് എ സി പി നിര്‍ദേശിച്ചു.
എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് തന്റെ സ്വദേശം രാജസ്ഥാനാണെന്ന് അറിയാമായിരുന്നെന്നാണ് വരന്‍ പൊലീസിനോട് പറഞ്ഞത്. ശേഷം യുവതിയുടെ മാതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം അറിയില്ലായിരുന്നെന്നാണ് അവര്‍ പറഞ്ഞത്. മകളെ വാരണാസിയിലേയ്ക്ക് തിരിച്ചയയ്ക്കാനും മാതാവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് വധുവിനെ തിരിച്ചയയ്ക്കുകയും വരന്‍ മടങ്ങിപ്പോവുകയും ചെയ്തു. ഇതോടെ വിവാഹ ബന്ധം അവിടെ വെച്ച് അവസാനിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.