അനുവദിക്കപ്പെട്ടതിലും വെറും രണ്ട് മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്തതിന് കഴിഞ്ഞ് ആഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മൂന്ന് മലയാളികള്‍ അറസ്റ്റിലായിരുന്നു. രണ്ട് സ്റ്റുഡന്റ് വിസക്കാരെയും ആശ്രിത വിസയിലുള്ള ഒരാളെയുമാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ഇവരെ ഇപ്പോള്‍ കേരളത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള ഒരു മലയാളി അഭിഭാഷകനെ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് അവരെ സഹായിക്കാനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തുകയാണ്. ഇവര്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ നിയമം ലംഘിച്ചതിന് രണ്ട് ഏജന്‍സികള്‍ക്കും പിഴ ചുമത്താനാണ് സാധ്യത.
കഴിഞ്ഞ വര്‍ഷം, സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ ഹോം ഓഫീസ് റെയ്ഡുകളുടെ ഒരു പരമ്പര നടന്നിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, കുറഞ്ഞ വാടകയും ജോലി ലഭിക്കാനുള്ള അവസരവും കാരണം വിദ്യാര്‍ത്ഥികള്‍ വീണ്ടും ഇവിടേക്ക് വരാന്‍ തുടങ്ങിയിരുന്നു. ഇതോടെ സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ ഹോം ഓഫീസ് റെയ്ഡുകള്‍ വീണ്ടും സജീവമായി.
ചെറുതും വലുതുമായ ഒരു ഡസനിലധികം നഴ്സിംഗ് ഏജന്‍സികളാണ് ഇവിടെ കൂണു പോലെ പൊട്ടിമുളച്ചത്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും റെയ്ഡുകളുടെ ഒരു പരമ്പരയിലേക്കാണ് പിന്നീട് നയിച്ചത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ റെയ്ഡുകള്‍ തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഒരു ഏജന്‍സി കൂടുതല്‍ ബിസിനസ്സ് കണ്ടെത്തിയപ്പോള്‍ മറ്റേ ഏജന്‍സി തങ്ങളുടെ ഷിഫ്റ്റും വരുമാനവും കുറഞ്ഞതോടെ പരാതിയുമായി ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തപ്പോളാണ്.
നേരത്തെ ഒന്നോ രണ്ടോ മണിക്കൂര്‍ അധിക ജോലിക്ക് നേരെ കണ്ണടച്ചിരുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രോവര്‍മാന്‍ കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് മനസ്സിലാക്കിയതോടെ എന്ത് വിലകൊടുത്തും ആയിരക്കണക്കിന് ആളുകളെ യുകെയില്‍ നിന്ന് നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ രണ്ട് മണിക്കൂറിലധികം ജോലി ചെയ്തതിന് അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും ആശ്രിതരില്‍ ഒരാളും നാടുകടത്തല്‍ ഭീഷണി നേരിടുന്നു. ആഴ്ചയില്‍ 20 എന്ന കണക്കില്‍, ഒരു മാസത്തില്‍ ജോലി ചെയ്ത മൊത്തം മണിക്കൂറുകളുടെ എണ്ണം 80 മണിക്കൂറില്‍ കവിഞ്ഞില്ലെങ്കിലും, ഈ അവകാശവാദം അംഗീകരിക്കാന്‍ ആഭ്യന്തര ഓഫീസ് തയ്യാറായിട്ടില്ല. ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. എന്നാല്‍, മാനുഷിക പരിഗണന നല്‍കി വിഷയം പുനഃപരിശോധിക്കണമെന്ന് ഒരു മലയാളി അഭിഭാഷകന്‍ നല്‍കിയ അപ്പീലില്‍ പറയുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കണ്ടറിയണം.
എന്നാല്‍, സ്റ്റുഡന്റ് വിസയിലെത്തിയ യുവതി പിടിയിലായപ്പോള്‍ ആശ്രിത വിസയിലെത്തിയ ഭര്‍ത്താവും പിടിയിലായത് സ്റ്റുഡന്റ് വിസയില്‍ വന്ന് നിയമം ലംഘിക്കുന്ന പലര്‍ക്കും ഒരു മുന്നറിയിപ്പാണ്. സ്റ്റുഡന്റ് വിസ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ആശ്രിത വിസയും റദ്ദാക്കിയതായി ഹോം ഓഫീസ് അറിയിച്ചു. ഇതോടെ ഇരുവരെയും ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. മൂവരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഇവരെ പിടികൂടിയ സ്ഥലത്ത് താമസിച്ചിരുന്ന മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. ഇതോടെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലും കൂടുതല്‍ റെയ്ഡുകള്‍ പ്രതീക്ഷിക്കുന്നു.