നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയായി സ്കോട്ട്ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററായി പാക് വംശജനായ ഹംസ യൂസഫ്. തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ എസ് എന്‍ പി യുടെ നേതൃസ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ കെയ്റ്റ് ഫോബ്സിനെ 48 ന് എതിരെ 52 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇന്ന് അദ്ദേഹത്തെ സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ആയി ഔപചാരികമായി പ്രഖ്യാപിക്കും. വെസ്റ്റേണ്‍ യൂറോപ്പില്‍ ഭരണനേതൃത്വത്തിലെത്തുന്ന ആദ്യ മുസ്ലീം നേതാവ് ആണ് ഹംസ യൂസഫ്.
37 കാരനായ യൂസഫ്. നിലവില്‍ സ്കോട്ട്ലന്‍ഡിന്റെ ആരോഗ്യ സെക്രട്ടറിയാണ്, കൂടാതെ മിസ് സ്റ്റര്‍ജന്റെ പിന്‍ഗാമിയായി പരക്കെ അനുമാനിക്കപ്പെട്ടിരുന്നു. നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാനുള്ള പോരാട്ടത്തില്‍ കെയ്റ്റ് ഫോര്‍ബ്സിനെയും, ആഷ് റീഗനെയും മറികടന്നാണ് ഹംസ യൂസഫ് വിജയിച്ചത്. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്കി വോട്ട് ചെയ്യാനാണ് എസ്എന്‍പി 72,169 അംഗങ്ങളോട് ആവശ്യപ്പെട്ടത്. ആദ്യ പ്രിഫറന്‍സില്‍ 50 ശതമാനത്തിലേറെ വോട്ട് ലഭിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെടുക്കപ്പെടാനുള്ള ആദ്യ മാനദണ്ഡം. മൂന്ന് സ്ഥാനാര്‍ത്ഥികളും ഇത് നേടുന്നതില്‍ പരാജയപ്പെട്ടു.
ഇതോടെ മത്സരത്തില്‍ മൂന്നാമതെത്തിയ റീഗന്റെ വോട്ട് മറ്റ് രണ്ട് പേര്‍ക്കുമായി പങ്കിട്ടു. ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ വളര്‍ത്തിയ ഫോര്‍ബ്സിന് 48% വോട്ട് ലഭിച്ചപ്പോള്‍ 52% വോട്ടുമായി യൂസഫ് മുന്നിലെത്തി. വിഘടിച്ച് നില്ക്കുന്ന പാര്‍ട്ടിയെയാണ് ഹംസ യൂസഫിനും നയിക്കേണ്ടത്.
അതേസമയം, ഹംസ യൂസഫിന്റെ വിജയം അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. വിജയിച്ച ശേഷം പ്രസംഗിച്ച ഇദ്ദേഹം പുതിയ സ്കോട്ടിഷ് ഹിതപരിശോധന ഉടന്‍ ഉണ്ടാകുമെന്നും, ഇയുവില്‍ തിരികെ ചേരാനും ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചു. കൂടാതെ ജെന്‍ഡര്‍ സെല്‍ഫ് ഐഡെന്റിഫിക്കേഷന് നിയമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഋഷി സുനാകിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.