ഭാര്യയായി അഭിനയിക്കാന്‍ യുവാവിന്റെ വീട്ടിലെത്തിയ സീരിയല്‍ നടി രക്ഷപ്പെട്ടത് പൊലീസിന്റെ സഹായത്തോടെ. മധ്യപ്രദേശില്‍ ആണ് സിനിമയേക്കാളും സീരിയലിനേക്കാളും വെല്ലുന്ന സംഭവം ഉണ്ടായത്.
അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനാണ് 21കാരിയായ യുവതി പുറപ്പെട്ടത്. സംഭവം ഇങ്ങനെ: സിനിമാ സീരിയല്‍ മേഘലയില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിക്ക് വലിയൊരു ഓഫറുമായിട്ടാണ് സുഹൃത്ത് എത്തുന്നത്. ഒരു യുവാവിനൊപ്പം അഞ്ചു ദിവസം ഭാര്യയായിട്ട് അഭിനയിച്ചാല്‍ മതിയെന്നും ഇയാളുടെ വീട്ടുകാരെ വിശ്വസിപ്പിക്കാനാണെന്നും ഓഫറില്‍ പറഞ്ഞു. മാത്രമല്ല ഇതിനായി 5000 രൂപ അഞ്ച് ദിവസത്തേക്ക് പ്രതിഫലമായി നല്‍കാമെന്നും പറഞ്ഞതോടെ 'നടി അതില്‍ വീണു'.
നടിയുടെ സുഹൃത്തിന്റെ ഭര്‍ത്താവായ കരണ്‍ ആണ് നടിക്ക് ഈ ഓഫര്‍ നല്‍കിയത്. വാഗ്ദാനം സ്വീകരിച്ച നടി, മാര്‍ച്ച് 12-ാം തീയതി കരണിനൊപ്പം മധ്യപ്രദേശിലെ മന്ദ്സൗര്‍ ഗ്രാമത്തിലെത്തി. ഇവിടെവെച്ചാണ് മുകേഷ് എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തിയത്. അഞ്ചു ദിവസം മുകേഷിന്റെ ഭാര്യയായി ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ മുകേഷും യുവതിയും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. തുടര്‍ന്ന് മുകേഷിനൊപ്പം വീട്ടില്‍ താമസിക്കുകയും ചെയ്തു.
ആറാമത്തെ ദിവസമായതോടെ യുവതി മുംബൈയിലേക്ക് തിരികെ മടങ്ങണമെന്ന് ആവശ്യപ്പെട്ടു. 'നാടകവും അഭിനയവും' എല്ലാം അവസാനിച്ചെന്നും താന്‍ ഇനി തിരികെപോവുകയാണെന്നും യുവതി പറഞ്ഞപ്പോള്‍ അതിന് സാധിക്കില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. വിവാഹം അഭിനയമല്ലായിരുന്നുവെന്നും ഇതിനായാണ് താന്‍ കരണിന് പണം നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. സംഭവം കെണിയാണെന്ന് മനസിലായതോടെ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. സുഹൃത്താണ് മുംബൈയിലെ ധാരാവി പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറിയത്. തുടര്‍ന്ന് മുംബൈയില്‍നിന്നുള്ള പോലീസ് സംഘം മധ്യപ്രദേശിലെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു.
വീട്ടില്‍ തടവിലാക്കിയെങ്കിലും തനിക്കെതിരേ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നാണ് യുവതി നല്കിയ മൊഴിയെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ മുകേഷ് പോലീസെത്തിയതോടെ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ മുകേഷ്, യുവതിയുടെ സുഹൃത്തായ അയിഷ, ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.