പലതരം അസുഖങ്ങളെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട്. ചില അസുഖങ്ങള്‍ കേട്ടാല്‍ നമ്മള്‍ ഞെട്ടി പോകും. കേട്ടു കേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. മനുഷ്യ ശരീരം ഇത്രയും നിഗൂഢമാണോ എന്ന് ചിന്തിച്ചു പോകും. ഇപ്പോള്‍ വീണ്ടുമിതാ അത്തരത്തില്‍ ഒരു അസുഖമാണ് വാര്‍ത്തയാകുന്നത്.
മുംബൈയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയില്‍ നിന്നുമാണ് വളരെ വിചിത്രമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത വയറു വേദനയുമായി എത്തിയ ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും 100 ഗ്രാം മുടി പുറത്തെടുത്ത സംഭവമാണ് ഹോസ്പിറ്റലില്‍ നിന്നും പുറത്ത് വരുന്നത്.
പെണ്‍കുട്ടിക്ക് കടുത്ത വയറുവേദനയാണെന്ന് പറഞ്ഞാണ് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ആശുപത്രിയിലെത്തിയത്. എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്കിടയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ എന്താണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ഞെട്ടി. വയറിനുള്ളില്‍ നിറയെ മുടി കുരുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
100 ഗ്രാം മുടിയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. പെണ്‍കുട്ടിക്ക് സ്വന്തം മുടി തിന്നുന്ന അപൂര്‍വ രോഗം ഉണ്ടായിരുന്നുവെന്നും എത്രയും വേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുടലില്‍ തടസ്സമുണ്ടാകുകയും ദ്വാരം വീഴുകയും ചെയ്യുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മുടി മറ്റ് ഭക്ഷണവസ്തുക്കള്‍ പോലെ വയറില്‍ കിടന്ന് ദഹിക്കില്ല എന്നതാണ് പ്രശ്‌നം വഷളാകാന്‍ കാരണം. കുടല്‍ മുടി നിറഞ്ഞ് അടഞ്ഞതോടെ കഴിക്കുന്ന ഭക്ഷണമൊന്നും വയറില്‍ എത്താതെയുമായി.