കാമുകി-കാമുകന്മാര് പരസ്പരം വഴക്കിടുക പതിവാണ്. ചിലപ്പോള്‍ ആ വഴക്ക് ബ്രേക്കപ്പിലേക്കെത്താറുണ്ട്. അത്തരത്തില്‍ ബ്രേക്കപ്പായ കാമുകി കാമുകന്മാര് പിന്നീട് മറ്റ് ബന്ധങ്ങളിലേക്ക് പോകാറാണ് പതിവ്. പിരിഞ്ഞ കാമുകിയെ തിരിച്ചു കൊണ്ടു വരാന്‍ കാമുകന് ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ നിന്നും ഒരു കാമുകന് ആണ് കാമുകിയെ തിരികെ കൊണ്ടു വരാന്‍ ആരും ചെയ്യാത്ത കാര്യം ചെയ്തത്. കാമുകിയെ തിരികെ കൊണ്ടുവരാന്‍ ഒറ്റക്കാലില്‍ നിന്നു എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? എന്നാല്‍ ഈ കാമുകന് നിന്നത് മുട്ടുകാലിലാണ് അതും യാചനയോടെ 21 മണിക്കൂര്‍ നേരം.
ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ദാഷൗവിലാണ് കാമുകിയുടെ ഓഫീസ് കെട്ടിടം. അതിന്റെ കവാടത്തിന് പുറത്താണ് മാര്‍ച്ച് 28 -ന് ഉച്ചയ്ക്ക് 1 മണി മുതല്‍ അടുത്ത ദിവസം രാവിലെ 10 മണി വരെ ഇയാള്‍ ഒരു വലിയ കുല റോസാപ്പൂക്കളുമായി മുട്ടുകുത്തി നിന്ന് തിരിച്ചു വരാന്‍ അപേക്ഷിത്തത്. ആളുടെ പേരോ വിവരമോ ഒന്നും പുറത്ത് വന്നിട്ടില്ല. ഓഫീസിന്റെ പുറത്ത് കടുത്ത മഴയും തണുപ്പും സഹിച്ചാണ് ഇയാള്‍ ഇത്രയും മണിക്കൂര്‍ ചെലവഴിച്ചത് എന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇയാളുടെ നില്‍പ്പ് കണ്ട് കാമുകിയുടെ മനസ്സ് അലിഞ്ഞില്ലെങ്കിലും കണ്ട് നിന്നവരുടെ മനസ്സലിഞ്ഞു. കടുത്ത മഴയും തണുപ്പുമാണ് എന്നും കാമുകിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നും പലരും ഇയാളെ ഉപദേശിച്ചു. പക്ഷെ ഇയാളുടെ മനസ്സ് നിറയെ കാമുകി മാ്രമായിരുന്നു. അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ ഒന്നും അയാള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല.
ഒടുവില്‍ പൊലീസും എത്തി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. പൊലീസും യുവാവിനോട് അവിടെ നിന്നും പോകണമെന്നും മുന്‍കാമുകിയെ തിരികെ വിളിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം എന്നും പറഞ്ഞു. എന്നാല്‍ പൊലീസിന്റെ വാക്ക് കേള്‍ക്കാനും ഇയാള്‍ തയ്യാറായില്ല അത്രേ.