വീട്ടിലെ മൃഗങ്ങള്‍ക്ക് വേണ്ടി ഭക്ഷണമൊരുക്കുമ്പോള്‍ ഏറ്റവും നല്ല ഭക്ഷണം തന്നെ അവയ്ക്ക് നല്‍കണമെന്നാണ് ഉടമസ്ഥര്‍ ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ ചെയ്യുകയാണ് പതിവ്. എന്നാല്‍ ആരെങ്കിലും വളര്‍ത്ത് മൃഗങ്ങള്‍ക്ക് കോടികള്‍ മുടക്കോ? അതും ഭക്ഷണത്തിന്റെ കാര്യത്തില്‍?
എന്നാല്‍ അതുപോലൊരു സംഭവമാണ് റെഡ്ഡിറ്റിലൂടെ പുറത്ത് വരുന്നത്. ഡ്രാവലോ എന്ന മൃഗസ്‌നേഹി തന്റെ വളര്‍ത്തുനായയെ കുറിച്ചുള്ള കാര്യങ്ങള്‍ ആണ് പറഞ്ഞിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട നായ ബ്ലാക്ക് ലാബ്രഡോറിനെക്കുറിച്ചാണ് ഡ്രാവലോ പങ്കുവെച്ചത്. അച്ചടക്കമുള്ള പെരുമാറ്റവും ആകര്‍ഷണീയമായ സ്വഭാവവുമാണ് തന്റെ പ്രിയപ്പെട്ട നായയുടെ പ്രത്യേകത എന്നാണ് ഡ്രാവലോ പറയുന്നത്. കൂടാതെ തന്റെ കൈവെള്ളയില്‍ വച്ച് നല്‍കിയ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ചിപ്‌സ് നായ കഴിക്കുന്നതിന്റെ വീഡിയോയും ഡ്രാവലോ പങ്കുവെച്ചിരുന്നു.
ഭക്ഷണം കഴിക്കാന്‍ പറഞ്ഞ് ചിപ്‌സ് നീട്ടുമ്പോള്‍ അത് അനുസരണയോടെ വാങ്ങി കഴിക്കുന്ന നായയാണ് വീഡിയോയില്‍. ഡാവലോ നായയ്ക്ക് കഴിക്കാന്‍ കൊടുത്ത ചിപ്‌സിന് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ വില തന്നെയാണ് പ്രത്യേകത. ആയിരമോ പതിനായിരമോ ലക്ഷമോ ഒന്നുമായിരുന്നില്ല. ഒരുകോടി രൂപ വിലമതിക്കുന്ന ചിപ്‌സ് ആയിരുന്നു അത്. ചിപ്‌സ് കഴിച്ചതിനുശേഷം നായ ഡ്രാവലോയോട് സ്‌നേഹപ്രകടനം നടത്തുന്നതും വീഡിയോയില്‍ കാണാം.
ഹാര്‍ട്ട് ഷേപ്പ്ഡ് ക്രിസ്പ് ഹണ്ടിംഗ്' എന്ന പേരില്‍ വാക്കേഴ്‌സ് ക്രിസ്പ്‌സ് ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ആ മത്സരത്തെക്കുറിച്ച് താന്‍ അറിയാതെ പോയതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടമായി എന്നാണ് ഡ്രാവലോ തന്റെ പോസ്റ്റില്‍ പറയുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ പൂര്‍ണ്ണമായും ഹൃദയത്തിന്റെ ആകൃതിയിലുള്ള ചിപ്‌സ് കഴിക്കുന്നവര്‍ക്ക് വാക്കേഴ്‌സ് ക്രിസ്പ്‌സ് ഒരു കോടി രൂപ സമ്മാനമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ഹൃദയാകൃതിയിലുള്ള ചിപ്‌സ് കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പാനല്‍ പരിശോധിച്ച് വിജയികളായി പ്രഖ്യാപിക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനമായി നല്‍കുകയും ചെയ്യും എന്നതായിരുന്നു വാക്കേഴ്‌സ് ക്രിസ്പ്‌സിന്റെ അറിയിപ്പ്. താന്‍ തന്റെ പ്രിയപ്പെട്ട നായക്ക് നല്‍കിയത് പൂര്‍ണ്ണമായും ഹൃദയാകൃതിയിലുള്ള ചിപ്‌സ് ആയിരുന്നുവെന്നും എന്നാല്‍ ഇതിനെക്കുറിച്ച് നേരത്തെ അറിയാതെ പോയതിനാല്‍ തനിക്ക് ഒരു കോടി രൂപ നഷ്ടമായതില്‍ ദുഃഖം ഉണ്ടെന്നുമായിരുന്നു ഡ്രാവലോ പോസ്റ്റില്‍ പറഞ്ഞത്.