പ്രണയത്തിലെ വഞ്ചന ആരും സഹിക്കുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കാമുകി കാമുകന്മാരില് ഒരാള്‍ വഞ്ചിക്കപ്പെട്ടാല്‍ അതിന്റെ ശിക്ഷ വിധി അതി കഠിനമായിരിക്കും. ചിലപ്പോള്‍ തമ്മില്‍ തമ്മില്‍ കൊല്ലാന്‍ പോലും മടിക്കില്ലെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢിലെ ബസ്തറില്‍ അതുപോലെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തന്നെ വഞ്ചിച്ച കാമുകനെ വിവാഹ വേദിയിലിട്ടാണ് കാമുകി ആക്രമിച്ചത്.
ഏപ്രില്‍ 19ന് ഭാന്പൂരി പൊലീസ് സ്റ്റേഷന് പരിധിയിലെ ഛോട്ടേ അമാബല്‍ ഗ്രാമത്തിലെ വിവാഹച്ചടങ്ങിനിടെയാണ് കാമുകനെ കാമുകി ആക്രമിച്ചത്. കാമുകന് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെ വേദിയിലെത്തിയ കാമുകി കാമുകന്റെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ തന്നെ വഞ്ചിച്ച കാമുകനെ ഇല്ലാതാക്കാനാണ് കാമുകി ഇങ്ങനെ ചെയ്തത്.
സംഭവത്തില്‍ 25കാരനായ വരന് ദമൃധര് ബാഗേലിനും 19 കാരിയായ വധു സുനിത കശ്യപും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളുടേയും വധുവിന്റെയും വരന്റെയും പശ്ചാത്തലം അന്വേഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വിവാഹചടങ്ങിനിടെ വൈദ്യുതി ബന്ധം നിലച്ചപ്പോഴായിരുന്നു യുവതി ആസിഡ് ഒഴിച്ചത്. ആ സമയത്ത് ബന്ധുക്കള്‍ക്ക് പ്രതിയെ തിരിച്ചറിയാനായില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ വരന്റെ മുന്‍ കാമുകിയുടെ പങ്കാളിത്തം കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.