ഏറെ ആഗ്രഹിച്ച് നാളുകളായി കാത്തിരുന്ന വിവാഹം വേണ്ടെന്ന് വയ്ക്കുന്ന കാര്യം ഓര്‍ത്തു നോക്കൂ? എന്നാല്‍ ആ വിവാഹം വരന് തന്നെയാണ് വേണ്ടെന്ന് വയ്ക്കുന്നതെങ്കിലോ? അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
സംഭവം ബിഹാറിലാണ് നടന്നത്. വിവാഹ വേദിയില്‍ താലി അണിയാന്‍ വെറും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് സംഭവം നടന്നത്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരണമാല്യം ചാര്ത്താനൊരുങ്ങുമ്പോള് വിവാഹം വേണ്ടെന്ന് വരന് തന്നെ പ്രഖ്യാപിക്കുന്നത് കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു.
സംഭവം അന്വേഷിച്ചവര്‍ അതിലും ഞെട്ടലുണ്ടാക്കിയ കാര്യമാണ് കേട്ടത്. തന്റെ വധുവിനെ അല്ല ഇഷ്ടപ്പെട്ടതെന്നും വധുവിന്റെ സഹോദരിയുമായി കടുത്ത പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വരന്റെ ആവശ്യം. ഛപ്ര സ്വദേശിയായ രാജേഷ് കുമാറാണ് വരന്. ഇയാളുടെ വിവാഹം റിങ്കു എന്ന യുവതിയുമായിട്ടാണ് നിശ്ചയിച്ചിരുന്നത്. വിവാഹ മുഹൂര്‍ത്തത്തില്‍ വരണമാല്യം കൈമാറിയ ശേഷം, താലി ചാര്‍ത്തുന്നതിന് മുമ്ബായി വരന് വധുവിന്റെ സഹോദരി പുതുലിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വധുവിന്റെ സഹോദരിയുമായി താന്‍ പ്രണയത്തിലാണെന്ന് രാജേഷ് വീട്ടുകാരെ അറിയിച്ചു. സഹോദരി റിങ്കുവുമായുള്ള വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് പുതുലിനെ അറിയാമായിരുന്നു. ഛപ്രയില്‍ പരീക്ഷ എഴുതാന്‍ പുതുല്‍ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമായി വളരുകയായിരുന്നുവെന്നും പിന്നീടാണ് റിങ്കുവിന്റെ വിവാഹാലോചന വന്നതെന്നും രാജേഷ് പറഞ്ഞു.
ഇതോടെ ഇരുവീട്ടുകാരും തമ്മില്‍ പ്രശ്നമായി. തുടര്‍ന്ന് വിവാഹത്തിനെത്തിയവര്‍ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ കുടുംബങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ രാജേഷ് പുതുലിന്റെ കഴുത്തില്‍ താലിചാര്‍ത്തുകയായിരുന്നു.