വിവാഹ വേഷമണിഞ്ഞ് പരീക്ഷയെഴുതാന്‍ എത്തുന്ന മണവാട്ടിയുടെ ചിത്രങ്ങള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറാലാകാറുണ്ട്. വിവാഹ ജീവിതം പോലെ തന്നെ പരീക്ഷയ്ക്കും പ്രാധാന്യം നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. അതുപോലൊരു സംഭവമാണ് മധ്യപ്രദേശിലെ ഒരു വിവാഹ ദിവസം ഉണ്ടായത്.
സത്നയില്‍ നിന്നുള്ള ശിവാനി ത്രിപാഠിയുടെ വിവാഹ ദിവസം തന്നെയായിരുന്നു അവരുടെ എംപി ട്രേഡ് ക്ലാസ് 2 പേപ്പറിന്റെ പരീക്ഷയും. ആകെ വിഷമത്തിലായ അവളെ കൈപിടിച്ച് പരീക്ഷയ്ക്ക് ഇരുത്തിയത് ഭര്‍ത്താവും കുടുംബവുമാണ്.
സത്യനാരായണ പയസിയുടെ മകന്‍ അഭിഷേക് പയസിയുമായി മെയ് 10 നായിരുന്നു വിവാഹം. അന്ന് വിവാഹ ശേഷം നടത്തുന്ന 'വിടൈ' ചടങ്ങ് ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ അന്ന് തന്നെയായിരുന്നു അവളുടെ എംപി ട്രേഡ് ക്ലാസ് 2 പേപ്പര്‍ പരീക്ഷയും.
പരീക്ഷ വേണോ കല്യാണം വേണോ എന്ന് തീരുമാനിക്കേണ്ട ദിവസം പക്ഷെ അവള്‍ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളും വളരെ സന്തോഷത്തോടെ സാധിച്ചെടുത്തു. അവളുടെ ആഗ്രഹപ്രകാരം ചടങ്ങിന് മുന്‍പ് പരീക്ഷയെഴുതാന്‍ അവള്‍ക്കൊപ്പം നിന്നത് വരനും വീട്ടുകാരും ആയിരുന്നു. വരന്റെ വീട്ടുകാര്‍ ആണ് ശിവാനി പരീക്ഷ എഴുതി വന്ന ശേഷം വിടൈ ചടങ്ങ് നടത്താമെന്നും തീരുമാനിച്ചു.
അങ്ങനെ ചുവന്ന ബ്രൈഡല്‍ സാരി ധരിച്ച് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പരീക്ഷാ ഹാളിലേക്ക് ഓടിയ ശിവാനിക്ക് പുറത്ത് വരന്റെ സംഘം കാവല്‍ നിന്നത് അഞ്ച് മണിക്കൂറോളം ആണ്.
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ശിവാനി തന്റെ സന്തോഷം പങ്കിട്ടു കൊണ്ട് പറഞ്ഞത് 'ഇത്ര നല്ല ബന്ധുക്കളെ കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നാണ്'.