ന്യൂയോര്‍ക്ക് : യുഎസിലെ വിസ്കോണ്‍സിനില്‍ വീടിന് തീപിടിച്ച് 19 വയസ്സുള്ള വധു മരിച്ചു. വിവാഹ ദിവസമാണ് പൈജ് റൂഡി എന്ന പെണ്‍കുട്ടി ദാരുണായി മരിച്ചത്.
മെയ് 23 ന് പുലര്‍ച്ചെ 4 മണിയോടെ റീഡ്സ്ബര്‍ഗിലെ വീടിന്റെ രണ്ടാമത്തെ നിലയ്ക്ക് തീപിടിക്കുകയായിരുന്നു. ഈ സമയം മുറിയില്‍ ഉറങ്ങുകയായിരുന്നു റൂഡി. പുക ശ്വസിച്ചതിനെ തുടര്‍ന്ന് മാരകമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടാകുകയും പിറ്റേന്ന് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു വരന് ലോഗന് മിച്ചല്‍ കാര്ട്ടറുമായുള്ള വിവാഹം. അടുത്ത ദിവസം വിവാഹ പാര്‍ട്ടിയും ആസൂത്രണം ചെയ്തു.
എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അപകടം സംഭവിച്ചു. കടുത്ത പുക ഉയര്‍ന്നതിനാല്‍ റൂഡിക്ക് രക്ഷപ്പെടാനായില്ലെന്ന് പ്രാദേശിക അഗ്നിശമന വിഭാഗം മേധാവി ക്രെയ്ഗ് ഡഗ്ലസ് പറഞ്ഞു. ദമ്പതികള്‍ താമസിച്ചിരുന്ന വീട് വരന്റെ മുത്തശ്ശിമാരുടേതായിരുന്നു. വീട്ടില്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ ഉണ്ടായതായി പറയുന്നില്ല. പുക ശ്വസിച്ചതാണ് മിസ് റൂഡിയുടെ മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെങ്കിലും സംശയാപ്ദമായി ഒന്നുമില്ലെന്നാണ് പൊലീസ് നിഗമനം.
തീപിടിത്ത സമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിയോടെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തി. 2022 ജൂണില്‍ റീഡ്സ്ബര്‍ഗ് ഏരിയ ഹൈസ്കൂളില്‍ നിന്നാണ് റൂഡി ബിരുദം നേടിയത്. മാഡിസണ്‍ ഏരിയ ടെക്നിക്കല്‍ കോളേജില്‍ വെറ്റ് ടെക് പ്രോഗ്രാമില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായും റൂഡിയുടെ കുടുംബം പറഞ്ഞു.