ഹ്യൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ 'മന്ത്ര'യുടെ ആഗോള ഹിന്ദു സംഗമത്തില്‍ അഭിമാന നിമിഷമായി മന്ത്രയുടെ യുവജനങ്ങള്‍. ഈ ലോകത്തിന്റെ ഏറ്റവും മികച്ച രീതിയിലുള്ള ഭരണവും, സര്‍വ്വ ജീവജാലങ്ങളുടെ ഭൗതിക ഉയര്‍ച്ചയും കൂടാതെ ആത്മീയ ഉന്നതിയും (അതായത് മോക്ഷം ലഭിക്കുക) എന്ത് ചെയ്താലാണോ ഉണ്ടാവുക, അത് ധര്‍മ്മം എന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ച തുടങ്ങിയ യുവജന സെമിനാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭാരതീയ ധര്‍മ്മങ്ങള്‍ എങ്ങനെ ഇന്നത്തെ ലോക ഹിന്ദു യുവജ സമൂഹം വിശദമായി വിലയിരുത്തുന്ന നിമിഷങ്ങള്‍ ആയി മാറി.
കൃഷ്ണേന്ദു സായ്നാഥ് തുടങ്ങിവച്ച ചര്‍ച്ചയില്‍ ധര്‍മ്മം എന്ന വാക്കിന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തി വെറും ആത്മീയ സാധന ചെയ്യുന്ന ഒരു കൂട്ടം എന്നതില്‍ ഒതുങ്ങുന്നില്ല. മറിച്ച് ഒരു വ്യക്തി അവന്‍ സമൂഹത്തിന്റെ ഭാഗം എന്ന നിലയില്‍ അവന്റെ കഴിവനുസരിച്ച് അവന് പുരോഗതി ഉണ്ടാകാനും മാനവരാശിയുടെ ഉയര്‍ച്ചക്ക് വേണ്ടി വ്യക്തിപരമായി ചെയ്യേണ്ടതും, അരുതാത്തതും ആയ പ്രവര്‍ത്തികളെ കൂട്ടിയിണക്കുന്നതും ആകുന്നു എന്ന് വിലയിരുത്തി.
കൃഷ്ണേന്ദു, അമൃതാ, സ്‌നേഹ, നന്ദന, അഭി, ശ്രീദേവി, ആദര്‍ശ്, രശ്മി ഹരിഹര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഓരോ പ്രതിനിധികളും ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ വിശദമായി വിലയിരുത്തിയും പഠിച്ചുമാണ് വേദിയില്‍ അവതരിപ്പിച്ചത്. ധര്‍മ്മത്തില്‍ നിന്ന് സനാതന ധര്‍മ്മത്തിലേക്ക് യാത്ര ചെയ്ത ഭാരതീയ സമൂഹം ലോകത്തിനു മുന്നിലവതരിപ്പിച്ച മഹത്തായ ആശയമായ സനാതന ധര്‍മ്മത്തിന്റെ ആദിരൂപമായി ധര്‍മ്മത്തെ നോക്കിക്കാണാംഎന്ന് ചര്‍ച്ച നയിച്ച കൃഷ്ണേന്ദു സായ്നാഥ് പറഞ്ഞു.
സനാതന ധര്‍മ്മം എന്നത് അനശ്വരത നേടാന്‍ ഏതൊരാളെ പ്രാപ്തനാക്കുന്നതോ അതാണ്. ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. ഹിന്ദുധര്‍മ്മം ദര്‍ശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാല്‍ വ്യക്തിയില്‍ ഈശ്വരനെ കാണിക്കുക എന്നതില്‍ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്. ഹിന്ദുധര്‍മ്മം എല്ലാവരേയും സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്‍കുകയും ചെയ്യുന്നു.ലോക സമൂഹം തിരിച്ചറിയേണ്ട ഒരു വസ്തുതയാണത് കൃഷ്ണേന്ദു കൂട്ടിച്ചേര്‍ത്തു.
.ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകള്‍ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധര്‍മ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ആശയസംഹിതകള്‍ വന്നപ്പോഴും ഹിന്ദുധര്‍മ്മം നിലനില്‍ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധര്‍മ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാല്‍ ഹിന്ദുധര്‍മ്മം ഒരു ആശയസംഹിതയല്ല.ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിര്‍ത്തുന്നു. അതിനാല്‍ ഹിന്ദുധര്‍മം ചൈതന്യ ധര്‍മ്മം എന്നും കൂടി അറിയപ്പെടുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രയപെട്ടു.
ഹ്യൂസ്റ്റണ്‍മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് 'മന്ത്ര'യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ 'സുദര്‍ശനം'2023 ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലില്‍ മൂന്നു ദിവസം നടന്നപ്പോള്‍ ഏറ്റവും ശ്രദ്ധേയമായ സെമിനാര്‍ ആയി മാറിയത് യുവജന സെമിനാര്‍ ആയിരുന്നുവെന്നു മന്ത്ര പ്രസിഡന്റ് ഹരി ശിവരാമന്‍ പറഞ്ഞു. പുതിയ ഹിന്ദു തലമുറ ഭാരതീയ പൈതൃകങ്ങളില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് അവരുടെ ചിന്താധാരകളെ സ്ഫുടം ചെയ്യുകയും ചെയ്യുന്നവരാണെന്നു ഈ സെമിനാര്‍ തെളിയിച്ചു.
മാനവന്‍ സനാതനനാണ്.അതിനാല്‍ ധര്‍മ്മത്തെ മാനവധര്‍മ്മം എന്നും വിളിക്കുന്നു. മനുഷ്യന്‍മാര്‍ക്ക് മാത്രമല്ല സകല സൃഷ്ടികള്‍ക്കും ഇതില്‍ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നല്‍കുന്ന ഒന്നാണ് ഭാരതീയ ധര്‍മ്മ പാരമ്പര്യമെന്നും പങ്കെടുത്തവരായ കൃഷ്ണേന്ദു, അമൃതാ, സ്‌നേഹ, നന്ദന, അഭി, ശ്രീദേവി, ആദര്‍ശ്, രശ്മി ഹരിഹര്‍ എന്നിവര്‍ അഭിപ്രയപെട്ടു. പങ്കെടുത്ത ഓരോരുത്തരും ചര്‍ച്ചയില്‍ തിളങ്ങി നിന്നു. യുവജന സെമിനാര്‍ നയിച്ച കൃഷ്ണേന്ദു സായ്നാഥ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.