മോസ്‌കോ : വീട്ടിലെ ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തണുപ്പ് കാലത്തേക്ക് വേണ്ടി വീട്ടിലെ ബേസ്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് സംഭവം ഉണ്ടായത്. ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് സംഭവത്തില്‍ മരണപ്പെട്ടത്.
റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. നിയമ പ്രൊഫസര്‍ ആയ മിഖായേല്‍ ചെലിഷേവ് എന്ന 42 കാരന്റെ കുടുംബത്തിലെ നാലുപേരാണ് ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഇളയ മകള്‍ മാത്രമാണ് ഈ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടി ഈ മുറിക്കകത്തേക്ക് കയറാതിരുന്നതാണ് രക്ഷയായത്.
കനത്ത ശൈത്യമുള്ള രാജ്യങ്ങളില്‍ തണുപ്പ് കാലത്തേക്ക് പച്ചക്കറികള്‍ ചെറിയ നിലവറകള്‍ പോലെയുള്ള ബേസ്മെന്റുകളില്‍ സൂക്ഷിച്ചു വെക്കുന്നത് സാധാരണമാണ്. ഉരുളക്കിഴങ്ങുകള്‍ അഴുകി അടച്ചിട്ട ചെറിയ മുറിയില്‍ വിഷവാതകം നിറഞ്ഞുനിന്നതാണ് മരണത്തിന് കാരണമായത്. ഗൃഹനാഥനായ മിഖായേല്‍ ആയിരുന്നു ആദ്യം ബേസ്മെന്റിന് അകത്തേക്ക് കയറിയത്. വിഷവാതകം ശ്വസിച്ച ഉടന്‍തന്നെ ഇദ്ദേഹം കുഴഞ്ഞുവീണ് മരണപ്പെട്ടു. അദ്ദേഹത്തെ കാണാതിരുന്നതിനെ തുടര്‍ന്നാണ് ഭാര്യ മുറിക്കകത്തേക്ക് കടന്നുവരുന്നത്. ഇരുവരെയും തിരഞ്ഞു വന്ന മകനും വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങി. പച്ചക്കറികള്‍ എടുക്കാന്‍ പോയ മൂന്നു പേരെയും കാണാതായതിനെ തുടര്‍ന്ന് മിഖായേലിന്റെ അമ്മ പരിഭ്രമിക്കുകയും അയല്‍വാസികളെ സഹായത്തിന് വിളിക്കുകയും ചെയ്തു. എന്നാല്‍ അയല്‍വാസികള്‍ എത്തുന്നതിനു മുമ്പായി തന്നെ ഈ അമ്മയും ആ മുറിക്കകത്തേക്ക് കയറി നോക്കിയതോടെ അവരും മരിച്ചു. പോലീസും മറ്റു വിദഗ്ധരും സ്ഥലത്തെത്തി വിദഗധ പരിശോധന നടത്തിയപ്പോഴാണ് ചീഞ്ഞ ഉരുളക്കിഴങ്ങ് ആണ് വിഷവാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.