പ്യോഗ്യാംഗ് : രാജ്യത്തെ ജനനനിരക്ക് കുത്തനെ കുറയുന്നു എന്ന് കിം ജോംഗ് ഉന്‍. ജനനനിരക്ക് കുറയുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് രാജ്യത്തെ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു കിം ജോംഗ് ഉന്‍.
ഇതിനിടയില്‍ വികാരാധീനനായി കണ്ണ് നിറഞ്ഞ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. സംസാരിക്കുന്നതിനിടെ തൂവാല കൊണ്ട് കണ്ണ് തുടയ്ക്കുന്ന കിമ്മിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തലസ്ഥാനമായ പ്യോഗ്യാംഗില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഒഫ് മദേഴ്‌സ് പരിപാടിയില്‍ കിം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക, കുട്ടികള്‍ക്ക് നല്ല സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബ കാര്യങ്ങളാണ്. നമുക്കിത് അമ്മമാരോടൊപ്പം ഒരുമിച്ച് ചെയ്യണമെന്ന് കിം പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാര്‍ വഹിച്ച പങ്കിന് കിം നന്ദി പറഞ്ഞു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.