ജപ്പാനില്‍ പുതുവര്‍ഷദിനത്തില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. അതിനു പിന്നാലെ വീണ്ടും ഭൂചലനത്തിനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. ജപ്പാന്റെ വടക്കേ അറ്റത്തെ ദ്വീപായ ഹൊക്കൈഡോയിലും ഉത്തരകൊറിയയുടെയും റഷ്യയുടെയും തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി.
പുതുവത്സരദിനത്തില്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10 (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഓടെയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തില്‍ വീടുകള്‍ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുള്‍പ്പെടെ ഒട്ടേറെ തുടര്‍ചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി. അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ തിരമാലയടിക്കുന്ന വന്‍ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജന്‍സി ആദ്യം മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി.