ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രതിശ്രുത വരനെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി ഫിലോസഫി വിദ്യാര്‍ത്ഥിയായിരുന്ന 23-കാരി കുറ്റക്കാരിയെന്ന് കോടതി. ്ആലീസ് വുഡ് എന്ന യുവതിയാണ് 24-കാരനായ പങ്കാളി റയാന്‍ വാട്സണെ തന്റെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.
2022 മേയ് 6ന് ചെഷയറിലെ റോഡ് ഹീത്തില്‍ വെച്ച്, ഇവരുടെ വീടിന് സമീപം വെച്ചാണ് വാട്സനെ യുവതി വാഹനം ഇടിച്ച് കൊന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ഹാന്‍ലിയില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു സംഭവങ്ങള്‍. വീട്ടിലേക്ക് ആര് വാഹനം ഓടിക്കുമെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കൂടാതെ മറ്റൊരു സ്ത്രീയുമായി വാട്സണ്‍ കൊഞ്ചിക്കുഴഞ്ഞെന്നായിരുന്നു വുഡിന്റെ ആരോപണം. കൊലപാതകവും, നരഹത്യയും നടത്തിയെന്ന ആരോപണം വുഡ് നിഷേധിച്ചു. സംഭവിച്ചത് വെറും അപകടം മാത്രമായിരുന്നുവെന്നാണ് യുവതി വാദിച്ചത്. തന്റെ കാറിനടിയില്‍ കുടുങ്ങിയ വാട്സനുമായി 158 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഇവര്‍ വാഹനം നിര്‍ത്തിയത്.
എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി വുഡ് കൊലപാതക കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ജനുവരി 29ന് അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെ കസ്റ്റഡിയില്‍ അയച്ചു. ജീവിതം മുഴുവന്‍ മുന്നിലുണ്ടായിരുന്ന ഒരു യുവാവിന്റെ ജീവനാണ് പൊലിഞ്ഞതെന്ന് സീനിയര്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. അപകടമാണെന്ന് വാദിച്ചെങ്കിലും കാര്‍ പല തവണ റിവേഴ്സ് ചെയ്ത് വാട്സനെ ഇടിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.