മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തി പൊലീസ്. അമേരിക്കയില്‍ ആണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുകയായിരുന്നു നീല്‍.
മകന് നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ലെന്ന് കാട്ടി ഞായറാഴ്ച അമ്മ എക്സില്‍ കുറിച്ചിരുന്നു. 'അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂ.'- എന്നായിരുന്നു അമ്മ കുറിച്ചത്. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.