തിരുവനന്തപുരം : കേരളത്തില്‍ ചൂടു കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് താപനില വലിയതോതില്‍ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
അടുത്ത രണ്ടുദിവസങ്ങളില്‍ അന്തരീക്ഷതാപനില 38 ഡിഗ്രിവരെ ഉയരുമെന്നും അവര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അഞ്ചുജില്ലകളില്‍ ഉയര്‍ന്നതാപനില മുന്നറിയിപ്പും നല്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില 37ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി കൂടുതലാണെന്ന മുന്നറിയിപ്പും അവര്‍ നല്കി. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നു സര്‍ക്കാരും നിര്‍ദ്ദേശിച്ചു.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്തു നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതുപോലെ പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആര്.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഈ സമയത്ത് അനുഗുണമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.