കേരളീയർക്കൊപ്പം വിഷു ആഘോഷത്തിന് തയ്യാറെടുക്കുകയാണ് യുകെയിലെ മലയാളികളും. ഇവിടെ മലയാളികളുടെ ഗ്രോസറികളിൽ പോലും കണിക്കൊന്നയും കണിവെള്ളരിയുമൊന്നും ഇക്കൊല്ലം കണികാണാൻ പോലുമില്ല. ഉള്ളവയ്ക്കാകട്ടെ തീവിലയും.
പതിവുപോലെ പ്ലാസ്റ്റിക് കണിക്കൊന്നയും വെള്ളരിയും ഒക്കെ ഒരുക്കിയാണ് യുകെ മലയാളികളുടെ ഭവനത്തിലെ വിഷുക്കണി കാണലും ആഘോഷവും. എന്നാൽ വിഷുക്കൈനീട്ടവും സദ്യയൊരുക്കലും പായസം വയ്ക്കലുമൊക്കെ മുറയ്ക്ക് നടക്കും.
കേരളത്തിന്റെ കാർഷിക വർഷപ്പിറവി കൂടിയാണ് വിഷു. ഇക്കൊല്ലം വിഷു ഏപ്രിൽ 14 ഞായറാഴ്ച്ച ആയതും ആഘോഷങ്ങൾക്ക് കൂടുതൽ സൗകര്യമാകുന്നു. കേരളത്തെ അപേക്ഷിച്ച് പച്ചക്കറികൾക്ക് പൊതുവേ വിലക്കുറവാണ് യുകെയിലെന്ന് പറയാം. എന്നാൽ അരിവില കുത്തനെ ഉയർന്നുനിൽക്കുന്നു.
കിലോയ്ക്ക് 160 രൂപമുതൽ 500 രൂപവരെയായി അരിവില കുത്തനെ ഉയർന്നിട്ടുണ്ട്. പാലക്കാടൻ മട്ട അടക്കമുള്ള പ്രമുഖ അരിയിനങ്ങളാണ് 160 രൂപമുതൽ ലഭിക്കുക. നല്ലയിനം ബസുമതി ബിരിയാണി അരിയ്ക്ക് കിലോയ്ക്ക് 500 രൂപവരെയായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിയന്ത്രണം തുടരുന്നതാണ് വിലക്കയറ്റത്തിന് കാരണം.
ഭവനങ്ങളിലെ ആഘോഷം ഏപ്രിൽ 14 നുതന്നെ നടക്കുമെങ്കിലും അസ്സോസിയേഷൻ ആഘോഷങ്ങൾ ഇക്കുറിയും വൈകും. അവധിദിനങ്ങളും കൂടി കണക്കിലെടുത്ത് വരും ആഴ്ച്ചകളിലാണ് ഒട്ടുമിക്ക അസ്സോസിയേഷനുകളും ആഘോഷങ്ങൾ പ്ലാൻ ചെയ്‌തിട്ടുള്ളത്.
ഈസ്റ്റർ ആഘോഷവും വൈകിയാണ് നടക്കുന്നത് എന്നതിനാൽ പല അസ്സോസിയേഷനുകളും ഈസ്‌റ്ററും വിഷുവും ഒരുമിച്ചാണ് ആഘോഷിക്കുന്നത്. വരും ആഴ്ച്ചകളിലെ ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ മലയാളി അസ്സോസിയേഷനുകളിലേയും ആഘോഷ പരിപാടികൾ.
പതിവുപോലെ എൻഎസ്.എസ് യുകെ ഇക്കൊല്ലവും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാസാവസാനമാകും എൻഎസ്എസ് ആഘോഷ പരിപാടികൾ.
പശ്ചിമേഷ്യയിൽ ഇസ്രായേൽ - ഗാസ സംഘർഷം രൂക്ഷമായതോടെ, വലിയ യുദ്ധത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഇപ്പോൾ ബ്രിട്ടലിനുണ്ട്. സിറിയയിലെ കോൺസുലേറ്റിലെ ആക്രമണത്തിന് പകരമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ് ഇപ്പോഴത്തെ കനത്ത ആശങ്കയ്ക്ക് കാരണം.
ഇറാനോട് ഇസ്രയേലിനെ ആക്രമിക്കരുതെന്നും ആക്രമിച്ചാൽ ഇസ്രയേലിനെ സംരക്ഷിക്കാൻ പ്രതിബദ്ധരാണെന്നും അമേരിക്കൻ പ്രസിഡന്റ്റ് ബൈഡനും മുന്നറിയിപ്പ് നൽകുന്നു.
ഇറാൻ നേരിട്ടുള്ള ആക്രമണത്തിന് തുനിഞ്ഞാൽ അത് ആണവ യുദ്ധത്തിലേക്കുവരെ നയിച്ചേക്കാം. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടങ്ങാൻ യു.എസും യുകെയും ഓസ്‌ട്രേലിയയും പൗരന്മാരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിലേക്കും ഇറാനിലേക്കും പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രയേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ ധൈര്യപ്പെടില്ലെന്നും മറ്റേതെങ്കിലും രാജ്യത്തെ ഇസ്രായേൽ കോൺസുലേറ്റുകൾ ആക്രമിക്കുകയോ ഭീകര സംഘടനകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയായോ ആയിരിക്കും ഇറാൻ ലക്ഷ്യമിടുകയെന്നും കണക്കാക്കപ്പെടുന്നു.