നാട്ടിലേക്ക് മടങ്ങുന്നതിന് മലയാളികൾ അടക്കമുള്ള ദക്ഷിണേന്ത്യക്കാർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഗൾഫ് രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ ഫ്‌ളൈറ്റ് യാത്രയാണ്. അതിൽ തന്നെ ദുബൈ, അബുദാബി, മസ്‌കറ്റ് തുടങ്ങിയ വിമാനത്താവളങ്ങളിൽ ഇറങ്ങിയായിരുന്നു കുടുതൽപ്പേരുടെയും നാട്ടിലേക്കുള്ള മടക്കം.
കണക്ഷൻ ഫ്ളൈറ്റിന്റെ ഇടവേളകളിൽ ദുബൈയിലും മറ്റും ഷോപ്പിംഗ് നടത്തുവാൻ കഴിയുമെന്നതും ആളുകളെ ആകർഷിച്ചിരുന്നു. എന്നാലിപ്പോൾ രണ്ടുകാരണങ്ങളാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഉപേക്ഷിക്കുകയാണ് യുകെ - യു.എസ് - യൂറോപ്യൻ പ്രവാസികൾ.
യു.എ.ഇയും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ചുഴലിക്കാറ്റും കനത്ത മഴയും അതുമൂലമുള്ള വെള്ളപ്പൊക്കവുമാണ് ഏറ്റവും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. ഇതുമൂലം കേരളത്തിൽ നിന്നുള്ളതടക്കം ഗൾഫിലേക്കുള്ള ഒട്ടുമിക്ക വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ് ഇപ്പോൾ.
എയർ ഇന്ത്യയുടേത് അടക്കമുള്ള വിമാനക്കമ്പനികൾ സർവ്വീസ് റദ്ദാക്കുകയോ പുറപ്പെടുന്ന സമയം താമസിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇതുമൂലം നാട്ടിലേക്ക് പുറപ്പെട്ട പലരും യു.എ.ഇയിലും മസ്ക്കറ്റിലും നാട്ടിൽ നിന്ന് തിരിച്ചുവരാനാകാതെ അവധിക്കുപോയ പ്രവാസികൾ പലരും കൊച്ചിയിലും തിരുവനന്തപുരത്തുമായി കുടുങ്ങിക്കിടക്കുന്നു.
യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.
കൊച്ചിയിൽ നിന്നും യു.എ.ഇയിലേക്കും തിരിച്ചും റദ്ദാക്കപ്പെട്ട വിമാന സർവീസുകളുടെ വിവരങ്ങൾ ചുവടെ:
കൊച്ചിയിലേക്കുള്ള റദ്ദാക്കിയ സർവീസുകൾ:
ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്
2.45ന് ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
3 മണിക്ക് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്
3.15ന് ഷാർജയിൽ നിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ
വൈകിട്ട് 5ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
കൊച്ചിയിൽ നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ:
ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ് ∙
3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ
4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ
4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ്
ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ്
ഇറാൻ - ഇസ്രായേൽ യുദ്ധ ഭീഷണി നിലനിൽക്കുന്നതിനാൽ, ഗൾഫ് വഴിയുള്ള യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതുമൂലം നേരത്തേ ബുക്കുചെയ്‌തിരുന്ന പലരും ഗൾഫ് വഴിയുള്ള യാത്രകൾ കാൻസലാക്കാൻ ആവശ്യപ്പെടുന്നതായി ബുക്കിങ് ഏജന്റുമാർ അറിയിച്ചു. പുതിയ ബുക്കിങ് നടത്തുന്നവർ കൂടുതലും നേരിട്ടുള്ള സർവ്വീസുകൾക്കു പുറമേ, ഇപ്പോൾ മുംബൈ - ഡെൽഹി വഴി മടങ്ങാനും പദ്ധതിയിടുന്നു.