ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങി. പ്രതീക്ഷിച്ചതുപോലെ വിദേശ പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ സമയം നൽകി, യുദ്ധതന്ത്രങ്ങൾ രൂപീകരിച്ച ശേഷമാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.
വെള്ളിയാഴ്ച്ച വെളുപ്പിനെയാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. ഇറാന്റെ ആണവ നഗരമായ ഇസ്ഫഹാനിൽ സ്ഫോടനം നടന്നതായി യു.എസ് കേന്ദ്രങ്ങൾ അറിയിച്ചു. ചെറിയ സ്ഫോടനം നടന്നതായി ഇറാന്റെ ദേശീയ ടിവി ചാനലും സ്ഥിരീകരിച്ചു.
എന്നാൽ ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇത് തെളിയിക്കുന്ന ചില വീഡിയോകളും ടെഹ്‌റാൻ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം വലിയ രീതിയിലുള്ള ആക്രമണമല്ല ഇസ്രായേൽ നടത്തിയതെന്നും വിദേശ ന്യൂസ് ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. രണ്ടോ മൂന്നോ മിസൈലുകൾ മാത്രമേ വിട്ടിട്ടുള്ളൂ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഏതാനും ഡ്രോണുകളും ഇറാനിലേക്ക് അയച്ചു.
എന്നാലിത് ഇസ്രയേലിന്റെ ആദ്യഘട്ട ആക്രമണമാണോയെന്ന് വ്യക്തമല്ല. എങ്കിൽ കൂടുതൽ മിസ്സൈലുകളും യുദ്ധവിമാന ആക്രമണങ്ങളും പിന്നാലെ വരും.
ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പകരമായി ഇറാൻ തിരിച്ചടി നടത്തുകയാണെങ്കിലും യുദ്ധം രൂക്ഷമാകും.
ഇതോടെ ഗൾഫ് വഴിയുള്ള നാട്ടിലേക്കുള്ള യാത്ര യുകെ മലയാളികൾ അടക്കമുള്ള പ്രവാസികൾ പൂർണ്ണമായും ഒഴിവാക്കുന്നതാകും നല്ലതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽത്തന്നെ യു.എ.ഇയും ഒമാനും വഴിയുള്ള യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര, അവിടത്തെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊപ്പം യുദ്ധഭീതി കൂടിയായതോടെ, മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഗൾഫ് വഴിയുള്ള യാത്രകൾ ഉപേക്ഷിക്കുന്നു.
നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ അത് കാൻസൽ ചെയ്‌ത്, മുംബൈ, ഡെൽഹി വഴി യാത്ര ക്രമീകരിക്കുന്നു.
ആക്രമണ - പ്രത്യാക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയ്‌ക്കൊപ്പം ലോകവും ആശങ്കയിലാണ്. ഇരുരാജ്യങ്ങളും ആണവശേഷിയുള്ളവയാണ്. യുദ്ധം തുടർന്നാൽ അത് വർഷങ്ങളോളം നീളുകയും ഒരുപക്ഷേ ആണവ യുദ്ധത്തിലേക്കുവരെ വഴിമാറിയേക്കാം എന്നതാണ് ആശങ്ക. അതുപോലെ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നാൽ, ഇറാൻ ജനതയ്ക്കുമേൽ തലമുറകളോളം വൻ ദുരന്തമായി അത് മാറുകയും ചെയ്യും.