ഏറെ വിവാദമായ ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഭൂരിഭാഗം നഴ്‌സുമാർക്കും പിൻ നമ്പർ നഷ്ടമായേക്കും.
വിവാദ ഒ.ഇ.ടി. സെന്ററിലൂടെ യോഗ്യതനേടി യുകെയിലെത്തിയ 148 ഇന്ത്യൻ നഴ്‌സുമാരാണ് അന്വേഷണം നേരിടുന്നത്. അതിൽ നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്തിരുന്ന മലയാളി നഴ്‌സ് മറിയാമ്മ ജേക്കബ്ബിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തകാര്യം എൻഎംസി പുറത്തുവിട്ടിരുന്നു.
മറ്റുള്ളവർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് എൻഎംസി ഇമെയിൽ അയച്ചിരുന്നു. അവരിൽ ഭൂരിഭാഗം പേർക്കും തൃപ്‌തികരമായ വിവരം നൽകാനായില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ ഫലമായി ഇവരെ ക്ലിനിക്കൽ ജോലികൾ ചെയ്യുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം ക്രമക്കേട് വെളിപ്പെടുത്തിയശേഷം, ഒ.ഇ.ടി അധികൃതർ നിലവിൽ യുകെയിൽ ജോലിചെയ്യുന്ന 148 നഴ്‌സുമാരെ അവരുടെ പേര്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തിരിച്ചറിഞ്ഞ് ഡാറ്റ എൻഎംസിക്ക് കൈമാറുകയും ചെയ്തിരുന്നു.
തട്ടിപ്പ് വ്യക്തമായതിനാൽ 148 ഉദ്യോഗാർത്ഥികളുടെ ഒഇടി പരീക്ഷ റദ്ദാക്കിയതായും എൻഎംസി അറിയിച്ചിരുന്നു. എങ്കിലും പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന തട്ടിപ്പിന് നിരപരാധികളായ ഉദ്യോഗാർത്ഥികൾ ഇരയാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഫീസില്ലാതെ പരീക്ഷയ്ക്ക് അറ്റൻഡ് ചെയ്യാൻ അന്വേഷണ വിധേയർക്ക് ഒരു അവസരം കൂടി നൽകുമെന്നും എൻഎംസി അറിയിച്ചിരുന്നു.
എന്നാൽ തൃപ്തികരമായ വിശദീകരണം നൽകാത്തവർക്ക് ആ അവസരവും ലഭിക്കില്ല. മാത്രമല്ല, എക്‌സാമിൽ പങ്കെടുത്താലും രണ്ടുവർഷത്തോളം പരിശീലനം ഇല്ലാതായതിനാൽ ഇവരിൽ ഒട്ടുമിക്കവർക്കും പരീക്ഷയിൽ നിശ്ചിത സ്‌കോർ നേടാനാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
ഇതുമൂലം പലരും ജോലിയും അതിനായി ഏജൻസികൾക്ക് നൽകിയ ലക്ഷങ്ങളും നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലുമാണ്. എസ്സെക്‌സിലെ ഹാർലോയിൽ കഴിഞ്ഞദിവസം നടന്ന മലയാളി നഴ്‌സിന്റെ ആത്മഹത്യയും ഈ സംഭവുമായി ബന്ധപ്പെട്ടാണ് എന്നരീതിയിൽ വാർത്തകളും വന്നിട്ടുണ്ട്.
അതിനിടെ കേരളത്തിൽ ഇപ്പോഴും ഒഇടി - ഐഇഎൽടിഎസ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തട്ടിപ്പിന് കളമൊരുങ്ങുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു. ഇംഗ്ലീഷ് ടെസ്റ്റുകളിൽ കേരളത്തിൽ ഏറ്റവും മികച്ച സ്‌കോർ നേടുന്ന മൂന്ന് പ്രമുഖ സെന്ററുകളുമായി ബന്ധപ്പെടുത്തിയാണ് ആരോപണം ഉയരുന്നത്. വ്യക്തികളൂടെ പേരില്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ഒ ഇ റ്റി പഠിച്ച നേഴ്‌സുമാരുടെ ഒ ഇ റ്റി റിസല്‍റ്റും നിരീക്ഷണത്തിലാണ്്. ഇതില്‍ രണ്ട് സ്ഥാപങ്ങള്‍ മധ്യകേരളം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതിനായി പത്തുലക്ഷം രൂപവരെ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്നതായും പറയുന്നു. അതിനുശേഷം കൊച്ചിയിലെയോ ബാംഗ്ളൂരിലെയോ സെന്ററുകളിൽ പരീക്ഷയ്ക്കിരുത്തും.
എക്‌സാമിന്റെ തലേന്ന് ഒഇടിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഏതെങ്കിലും ഫൈഫ് സ്റ്റാർ ഹോട്ടൽ മുറികളിൽവച്ച് ഇവർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ നൽകുകയും അതിൽ ഒരുദിവസത്തെ പരിശീലനം നൽകുകയുമാണ് രീതി.
ആളുമാറി ഹിയറിങ്, ടോക്കിങ് ടെസ്റ്റുകളിൽ അറ്റൻഡുചെയ്യുക, മുഴുവൻ പരീക്ഷയും ആളുമാറി പങ്കെടുക്കുക തുടങ്ങിയ രീതികളും ഇപ്പോഴും നിലവിലുണ്ടെന്നും ആരോപിക്കപ്പെടുന്നു. എന്തായാലും എൻ.എം.സി പിടിമുറുക്കിയതോടെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ കൂടുതൽ സുരക്ഷയും നിരീക്ഷണവും ഒഇടി നടത്തിപ്പുകാർ ഏർപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം നേരിടുന്നവരിൽ ഭൂരിഭാഗവും മലയാളി നഴ്‌സുമാർ ആയതിനാൽ, നൂറുകണക്കിന് മലയാളി നഴ്‌സുമാർ അധികം വൈകാതെ രജിസ്‌ട്രേഷൻ നഷ്ടപ്പെട്ട് നാട്ടിലേക്ക് വിമാനം കയറുകയോ അല്ലെങ്കിൽ കുറഞ്ഞ ഇംഗ്ലീഷ് ടെസ്റ്റ് സ്‌കോർ മതിയായ ഹെൽത്ത് കെയർ അസിസ്റ്റന്റ്റ് പോലുള്ള തസ്തികകളിലേക്ക് മാറുകയോ ചെയ്യേണ്ടിവരും.