കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകുന്നു. പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണ് ഇന്ന് അരങ്ങേറുന്നത്. ഇന്ത്യയെ ഭരിക്കുന്ന കേന്ദ്രസർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഇത്തവണ വിദേശത്തുനിന്നെത്തിയത് റെക്കോർഡ് നമ്പർ പ്രവാസികളാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ യുകെയും യുഎസും യൂറോപ്പും ഗൾഫ് രാജ്യങ്ങളുമടക്കം സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്കെത്തിയത് 22,000-ത്തിലധികം എൻആർഐകളാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. "വോട്ട് ഫ്ലൈറ്റുകൾ" എന്ന് പ്രവാസികൾ വിശേഷിപ്പിക്കാറുള്ള ഈ പ്രതിഭാസം സാധാരണ ഗൾഫ് രാജ്യങ്ങളിലാണ് കണ്ടുവരാറുള്ളത്. എന്നാൽ ഇക്കൊല്ലം വിഭിന്നമായി അത് പാശ്ചാത്യ രാജ്യത്തെ പ്രവാസികളിലേക്കും വ്യാപിച്ചു.
സൗജന്യമായി നാട്ടിലെത്താം എന്നതിനാൽ ഗൾഫ് രാജ്യങ്ങളിൽ പലരും അവധിക്കുള്ള നാട്ടിലേക്ക് വരവുവരെ തിരഞ്ഞെടുപ്പ് ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ തീരുമാനിക്കുന്നത്. കുറഞ്ഞനിരക്കിലുള്ള ടിക്കറ്റുകൾ ഓഫർ ചെയ്‌തും ചാർട്ടേർഡ് വിമാനങ്ങൾ ഓഫർ ചെയ്‌തും പോക്കുവരവിനുള്ള വിസ സംവിധാനങ്ങൾ ഏർപ്പെടുത്തിയുമൊക്കെയാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ വിദേശ രാജ്യങ്ങളിലെ പോഷക സംഘടനകൾ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയമാണ് യുകെയിലെയും യൂറോപ്പിലെയും പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കാൻ ഒരു ദേശീയപ്പാർട്ടിയെ ഇത്തവണ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
കേരളത്തിൽ നിന്നുള്ള പ്രവാസികൾ ഭൂരിഭാഗവും നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്ത 89,839 എൻആർഐ വോട്ടർമാരാണുള്ളത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുമാത്രമായി എൻആർഐ വോട്ടർമാരുമായി 12 ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് യാത്രചെയ്യാൻ ബുക്ക് ചെയ്തിരുന്നു. ഇതിൽപ്പെട്ട പ്രവാസികളേയും വഹിച്ചുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്നുള്ള അവസാന ചാർട്ടേഡ് വിമാനവും വ്യാഴാഴ്ചയെത്തി.
കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള നിരവധി പ്രവാസി സംഘടനകൾ ട്രാവൽ ഏജൻസികളുമായി സഹകരിച്ച് മിതമായ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെ (യുഡിഎഫ്) സ്രോതസ്സുകൾ പ്രകാരം, ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സംഘടനയായ കേരള മുസ്ലീം കൾച്ചറൽ സെൻ്റർ പോലെയുള്ള ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലും (IUML) കോൺഗ്രസിലും അഫിലിയേറ്റ് ചെയ്ത സംഘടനകൾ; പ്രിയദർശിനി കോൺഗ്രസ്; കൂടാതെ ഖത്തർ ആസ്ഥാനമായുള്ള INCAS; യുകെയിലെയും യൂറോപ്പിലെയും ഒഐസിസി സംഘടനകൾ, ഇടതുപക്ഷവുമായി ബന്ധപ്പെട്ടുള്ള സംഘടനകൾ എല്ലാം ഇത്തവണ ഊർജിതമായി പ്രവാസികളുടെ വോട്ട് ഫ്‌ളൈറ്റുകൾ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും പ്രവർത്തിച്ചതായാണ് വിവരം.
ഇത്തരം "വോട്ട് ഫ്ലൈറ്റുകൾ" കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു പതിവ് കാഴ്ചയാണ്. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ എണ്ണം വർധിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഗൾഫ് രാജ്യങ്ങളിൽ നേരിട്ടെത്തിയും പ്രചാരണം നടത്തിയിരുന്നു. വടകരയിലെ ഷാഫി പറമ്പിൽ ഉദാഹരണം.
അതുപോലെ അവധിക്കാലത്ത് നാട്ടിലെത്തിയ പ്രവാസികളോടും ഏപ്രിൽ 26 ന് ശേഷമാക്കി യാത്ര മാറ്റിവയ്ക്കാൻ പാർട്ടികൾ അഭ്യർത്ഥിച്ചിരുന്നു. യുകെയിൽ നിന്നും പതിവിലേറെ മലയാളികൾ ഇത്തവണ വോട്ടെടുപ്പ് കാലത്ത് നാട്ടിലെത്തിയിട്ടുണ്ട്. അവരിൽ കൂടുതലും കോട്ടയം ജില്ലയിലാണ് എത്തിയിട്ടുള്ളത്.
പതിവുപോലെ ഇരുമുന്നണികളും മുഴുവൻ സീറ്റിലും വിജയാവകാശം ഉന്നയിക്കുന്നു. എന്നാൽ ക്രിസ്ത്യൻ വോട്ട് ബാങ്കുകൾ ഇളക്കിമറിക്കാൻ ശ്രമിച്ചത് ഫലംകണ്ടാൽ, ഫിലിം സ്റ്റാർ സുരേഷ് ഗോപിയിലൂടെ തൃശൂരിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഒരു തിരഞ്ഞെടുപ്പുകൂടി നടക്കുമ്പോഴും സ്വന്തം താമസസ്ഥലത്തിരുന്നുള്ള ഓൺലൈനിലൂടെയുള്ള ‘പ്രവാസി വോട്ട്’ എന്ന ആഗോള പ്രവാസികളുടെ ആവശ്യം ഇപ്പോഴും പൂവണിയാത്ത ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു.