കണ്ണൂര്‍ : കേരളം വീണ്ടുമൊരു ഇലക്ഷനെ നേരിടുകയാണ് ഇന്ന്. ആര് ഭരിക്കുമെന്നറിയാന്‍ കേരളത്തിലെ ജനങ്ങളെല്ലാം പോളിങ് ബൂത്തിലേക്കെത്തും. ഇക്കുറിയും പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ കമല, മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ വന്നത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ തയ്യാറാകാതെ ഇരുപതോളം പേര്‍ നില്‍ക്കുമ്പോള്‍ ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പത്തു സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് മറുപടി എന്നായിരുന്നു മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിന് 'ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. പത്ത് എന്ന അക്കത്തില്‍ പൂജ്യമുണ്ടാകും ഇടതുവശത്ത് ഒന്നുണ്ടാകില്ലെന്ന് മാത്രം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹസിച്ചുള്ള മറുപടി.