ലോകം കണ്ട ഏറ്റവും വലിയ വിപത്തായ കൊവിഡ് കഴിഞ്ഞ് നാലു വര്‍ഷങ്ങളാകുമ്പോഴും ഇന്നും ആ ഭീതി ആരെയും വിട്ടു പോകുന്നില്ല. ഇപ്പോഴിതാ ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ അന്ന് കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌ക്കരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.
2020-ല്‍ കോവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ആണ് ആയിരം ദിവസങ്ങള്‍ക്ക് ശേഷം സംസ്‌കരിച്ചത്. ഈ മൂന്ന് മൃതദേഹങ്ങളും തലസ്ഥാനത്തെ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇവ അസ്ഥികൂടങ്ങളായി മാറുകയും ചെയ്തിരുന്നു.
പിപിഇ കിറ്റുകളില്‍ അവകാശികളില്ലാതെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരത്തിലധികം ദിവസത്തിലേറെയായി കിടക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഈ മൃതദേഹങ്ങള്‍ പുരുഷന്മാരുടേതാണോ സ്ത്രീകളുടേതാണോ എന്ന് പോലും വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ജവര്‍ സിംഗ്, പങ്കജ് കുമാര്‍, ദുകല്‍ഹീന്‍ ബായി എന്നിവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് തിരിച്ചറിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, പങ്കജ് കുമാറും ജവര്‍ സിംഗും 2020ല്‍ കോവിഡ് കാലത്താണ് മരിച്ചത്. 2021 മെയ് 21 ന് ദുകല്‍ഹീന്‍ ബായിയും മരിച്ചു. കൊറോണ മൂലമുള്ള മരണം കാരണം ഈ മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമായിരുന്നു. ഇതിനായി ആശുപത്രി മാനേജ്മെന്റ് മജിസ്ട്രേറ്റിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനുശേഷം, ഈ മൃതദേഹങ്ങള്‍ പിപിഇ കിറ്റുകളില്‍ സൂക്ഷിക്കുകയായിരുന്നു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പിപിഇ കിറ്റ് തുറന്നപ്പോള്‍ അതിനുള്ളിലെ ലഘുലേഖയില്‍ മരിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതിയിരുന്നു. ഇതിനുശേഷം കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച, കുടുംബാംഗങ്ങളുടെ സമ്മതത്തിന് ശേഷം, കൊറോണയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ പാലിച്ച് മൂന്ന് മൃതദേഹങ്ങളും പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിച്ചു.