യുകെയിലെ തൊഴിൽ മേഖല "സിക്ക് നോട്ട് കൾച്ചർ" എന്ന വേതനമുള്ള അവധിയുടെ നീരാളിപ്പിടുത്തത്തിൽ ആണെന്ന് ഒരാഴ്ച്ച മുമ്പാണ് പ്രധാനമന്ത്രി ഋഷി സുനക്ക് വിശേഷിപ്പിച്ചത്.
ഇത് സർക്കാരിന് വലിയ ചെലവുണ്ടാക്കുന്നു. വരുമാന നഷ്‌ടം നേരിടാനുള്ള പദ്ധതിയുടെ ഭാഗമായി ആളുകളെ അകാരണമായി ജോലിയിൽ നിന്ന് ഒഴിവാക്കാനുള്ള ജിപിമാരുടെ അധികാരം ഇല്ലാതാക്കാൻ പ്ലാനുകൾ തയാറാക്കുമെന്നും ഋഷി സുനക്ക് പറഞ്ഞു.
ആനുകൂല്യങ്ങൾ ചിലർക്ക് ഒരു "ലൈഫ്സ്റ്റൈൽ ചോയ്‌സ്" ആയി മാറിയെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഇത് സർക്കാർ ഫണ്ടിൽ നിന്നുള്ള വമ്പൻ ക്ഷേമ ബില്ലിന് കാരണമാകുന്നു.
പൊതുതിരഞ്ഞെടുപ്പിൽ ടോറികൾ വിജയിക്കുകയാണെങ്കിൽ, നിസ്സാര രോഗങ്ങൾക്കുപോലും സിക്ക് നോട്ട് നൽകുന്ന പരിപാടികൾ ജിപിമാർ അവസാനിപ്പിക്കും. ജിപിമാർക്ക് പുറമെ, ചില സീനിയർ നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കും നിലവിൽ സിക്ക് നോട്ടുകൾ നൽകാനുള്ള അധികാരമുണ്ട്.
ഇതെല്ലം ഇല്ലാതാക്കുമെന്നും യഥാർത്ഥ അസുഖമുള്ളവർക്ക് മാത്രം ശമ്പളത്തോടെയുള്ള സിക്ക് ലീവ് നൽകുന്ന രീതി നടപ്പാക്കുമെന്നുമാണ് ഋഷി സുനക്കിന്റെ വാദം. ഇതിനായുള്ള കൺസൾട്ടേഷനും ഉടൻ ആരംഭിക്കും.
എന്നാൽ ഈ അഭിപ്രായത്തോട് ശക്തമായ വിയോജിപ്പും പ്രതിഷേധവുമായി രോഗികളുടെ ചാരിറ്റി സംഘടനകൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തി.പൊതുമേഖലാ ജീവനക്കാർക്ക് പുറമേ, നഴ്‌സുമാർ ഉൾപ്പടെയുള്ള എൻഎച്ച്എസ് സ്റ്റാഫുകളുടെ സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഈ തീരുമാനം തിരഞ്ഞെടുപ്പിൽ ടോറികൾക്ക് തിരിച്ചടിയാകുമോ എന്ന സംശയം ടോറി നേതൃകാമ്പിൽ നിന്നുതന്നെ വന്നിട്ടുണ്ട്. പ്രതിഷേധം കടുത്താൽ തീരുമാനത്തിൽ നിന്ന് ഋഷി സുനക്കിന് പിന്മാറേണ്ടി വന്നേക്കും.
എന്നാൽ യുകെയിലെ തൊഴിൽ രഹിതരായ യുവാക്കളുടെ എണ്ണം 28 ലക്ഷം കഴിഞ്ഞുവെന്നും ഈ സാഹചര്യത്തിൽ അതിനോട് സർക്കാരിന് പുറംതിരിഞ്ഞ് നില്ക്കാൻ കഴില്ലെന്നുമാണ് തീരുമാനത്തെ ന്യായീകരിച്ച് ഋഷി സുനക്ക് പറഞ്ഞത്.
നിലവിലെ പുതിയ നിയമമനുസരിച്ച് 2024 ഏപ്രിൽ 8 മുതൽ, തുടർച്ചയായി നാല് ദിവസത്തിൽ കൂടുതൽ രോഗബാധിതരായ, ആഴ്ചയിൽ £123-ൽ കൂടുതൽ വരുമാനമുള്ള ജീവനക്കാർക്ക്, അവധിയെടുക്കുന്നതിന്റെ നാലാംദിവസം മുതൽ ആഴ്ചയിൽ £116.75 എന്ന സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്ക്ക് (SSP) അർഹതയുണ്ട്.. ഇത് 28 ആഴ്ച വരെ ലഭിക്കും.